സിവിക് സെന്‍സ് അഥവാ പൗരബോധം സംസ്കാരത്തിന്‍റെ ഭാഗമാണ്. ഇത്തരത്തില്‍ പൗരബോധത്തിന് തെല്ലും വിലനല്‍കാത്ത പെരുമാറ്റങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് എന്നും വഴിവയ്ക്കാറുണ്ട്. ഉത്തരേന്ത്യയില്‍ റിസര്‍വ്ഡ് ട്രെയിന്‍ സീറ്റുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും പൊതുസ്ഥലത്ത് ഗുട്ക തുപ്പുന്നതുമെല്ലാം പൗരബോധമില്ലായ്മയുടെ ഉദാഹരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ രാജ്യത്തിന് പുറത്തും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അത് രാജ്യത്തിന് തന്നെ നാണക്കേടായിരിക്കും. അത്തരത്തിലൊരു പ്രവര്‍ത്തിയാണ് വിയറ്റ്നാമില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ചെയ്തത്. അതിന്റെ വിഡിയോ ആകട്ടെ സമൂഹമാധ്യമങ്ങളില്‍ വൈറലും.

വിയറ്റ്നാമിലെത്തിയ ഗുജറാത്തില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ വിമാനത്തിനടുത്ത് നിന്ന് ഗര്‍ബ നൃത്തം ചെയ്യുന്നതാണ് ആദ്യ വിഡിയോ. ലഗേജുകള്‍ കൂട്ടിയിട്ട് കുട്ടികളടങ്ങുന്ന ഇരുപതോളം പേര്‍ വിമാനത്തിന് ചുറ്റും നൃത്തം ചെയ്യുന്നത്. മറ്റ് ടൂറിസ്റ്റുകള്‍ അന്തംവിട്ട് ഇന്ത്യക്കാരെ നോക്കി നില്‍ക്കുന്നതും ഗൈഡ് എന്ന് തോന്നിക്കുന്ന വിയറ്റ്നാംകാരന്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളോട് മാറാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിഡിയോ വൈറലായതോടെ നര്‍ത്തകര്‍ക്കെതിരെ  അധിക്ഷേപ കമന്റുകളുമായി ഇന്ത്യക്കാരടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തി.

രണ്ടാമത്തെ വിഡിയോ മുംബൈ സ്വദേശിനിയായ യുവതിയാണ് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. വിയറ്റ്നാം ഹനോയിയില്‍ മാര്‍ക്കറ്റിലൂടെ കടന്നുപോകുന്ന ഒരു റെയില്‍വേ ട്രാക്കുണ്ട്. കൗതുകമുള്ള പ്രദേശമായതിനാല്‍ ഇവിടെ ടൂറിസ്റ്റുകള്‍ തിങ്ങിനിറയുന്നതും പതിവാണ്. ട്രെയിന്‍ സമയം കണക്കാക്കി ട്രാക്കില്‍ നിന്ന് കച്ചവടം മാറ്റുന്നതാണ് ഇവിടുത്തെ രീതി.  ഈ ട്രാക്കില്‍ ചില ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ 1998ലെ ഹിറ്റ് മണിരത്നം സിനിമയായ ദില്‍ സേയിലെ ‘ഛയ്യ ഛയ്യ’ ഗാനത്തിന് ചുവടുവച്ചു.  ഈ വിഡിയോ വൈറലാവുകയും സമൂഹമാധ്യമങ്ങളില്‍വന്‍  വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു.

എന്നാല്‍ ഇന്ത്യക്കാര്‍ പൊതുവേ ആഘോഷപ്രിയരാണെന്നും സന്തോഷം വന്നതിനാലാണ് നൃത്തം ചെയ്തതെന്നും പറഞ്ഞ് വിഡിയോയെ അനുകൂലിക്കുന്നവരുമുണ്ട്. ഹനോയിയിലെ റെയില്‍വേ ട്രാക്ക് ഒരു മാര്‍ക്കറ്റ് കൂടിയാണ്. ഇവിടെ നിന്ന് റീലുകള്‍ ടൂറിസ്റ്റുകള്‍ ചിത്രീകരിക്കുന്നത് സാധാരണമാണെന്നും കമന്റുകളുണ്ട്. 

ENGLISH SUMMARY:

Civic sense is a crucial part of culture, and a lack of it often leads to significant discussions on social media. Indian tourists in Vietnam have recently been involved in incidents that have sparked debate about responsible travel and cultural representation.