സ്കോട്ട്ലന്റിൽ എൻജിനീയറായ ഇന്ത്യക്കാരിയുെട സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലാകുന്നു. ആകാൻക്ഷ സദേക്കർ ചൗഹാനാണ് ഏറെ ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കിയ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എവിടെ ചെന്നാലും ആചാരരീതികളും വിശ്വാസങ്ങളും പിന്തുടരുന്നവരാണ് ഒരു വിഭാഗം ഇന്ത്യക്കാര്‍. എന്നാല്‍ സ്വന്തം ആചാരങ്ങളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ചില പ്രവാസികളുടെ മനോനില കാണുമ്പോള്‍ ചിരിക്കാന്‍ മാത്രമേ കഴിയൂ എന്ന് ആകാന്‍ഷ പറയുന്നു.
തന്‍റെ ഓഫീസിലേക്ക് ഒരു ദിവസം സിന്ദൂരവും താലിയുമിട്ട് പോയപ്പോഴുണ്ടായ അനുഭവമാണ് ആകാൻക്ഷ പോസ്റ്റില്‍ പറയുന്നത്. ഇന്ത്യന്‍ ആചാരത്തെ വലിയ ബഹുമാനത്തോടു കൂടിയാണ് സഹപ്രവര്‍ത്തകരായ ബ്രിട്ടീഷ് പൗരന്‍മാര്‍ കണ്ടത്. അതേസമയം തന്‍റെ പ്രവൃത്തിയോട് കടുത്ത അധിക്ഷേപമാണ് ഇന്ത്യക്കാരിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആകാൻക്ഷപറയുന്നു.
ഏത് രീതിയില്‍ വസ്ത്രം ധരിച്ചാലും കുറ്റപ്പെടുത്തന്ന ഒരു വിഭാഗമുണ്ട്. അവരെയൊന്നും അത്തരം ചിന്താഗതികളില്‍ നിന്നും പിന്തിരിപ്പിക്കാനാവില്ല. സ്വന്തം സംസ്കാരത്തിന്‍റെ ഭാഗമല്ലാത്തവര്‍ പോലും പലപ്പോഴും ബഹുമാനം തരുമ്പോള്‍ സ്വന്തക്കാര്‍ തന്നെ നമ്മളെ ചെറുതാക്കാന്‍ നോക്കുന്നത് തീര്‍ത്തും കൗതുകകരമാണെന്നും ആകാന്‍ക്ഷ കൂട്ടിച്ചേര്‍ക്കുന്നു.
താന്‍ സിന്ദൂരം അണിയുന്നത് തന്‍റെ ആവശ്യവും വ്യക്തിത്വത്തിന്‍റെ ഭാഗവുമാണ്, അത് ആരേയും ബോധിപ്പിക്കാനല്ലെന്നും ആകാന്‍ക്ഷ പോസ്റ്റില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ മുംബൈയില്‍ ജനിച്ച ആകാന്‍ക്ഷ 9 വയസ് മുതല്‍ സ്കോട്ട്ലന്റിലാണ് താമസം. ബ്രിട്ടിഷ് ജീവിത ശൈലിയും ഹൈന്ദവ സംസ്കാരവും പരസ്പര പൂരകങ്ങളാണെന്നാണ് ആകാൻക്ഷ വ്യക്തമാക്കുന്നത്.