Image: Manorama
12 ടണ്‍ കിറ്റ്കാറ്റ് ചോക്ലേറ്റുമായി പോയ ട്രക്ക് മോഷണം പോയതായി നെസ്‍ലേ കമ്പനി അറിയിച്ചു. ഈസ്റ്റര്‍ ആഘോഷത്തിരക്കിലേക്ക് നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ മോഷണം നടന്നത്. 413,793 ബാര്‍ ചോക്ലേറ്റാണ് ഇറ്റലിയില്‍ നിന്നും പോളണ്ടിലേക്കുള്ള യാത്രക്കിടെ നഷ്ടമായത്.
ചോക്ലേറ്റുകള്‍ക്കുള്‍പ്പെടെ വലിയ വിപണിപ്രതീക്ഷ ഉള്ള സമയത്താണ് നെസ്‌ലേയ്ക്ക് ഈ തിരിച്ചടി സംഭവിച്ചിരിക്കുന്നത്. ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ടുള്ള വിതരണത്തിനായുള്ള യാത്രയായിരുന്നു ഇതെന്നും കമ്പനി പറയുന്നു. വലിയൊരു ഭാഗം മോഷണം പോയതോടെ ഈ അവധിക്കാലത്ത് യൂറോപ്പിന്റെ ചില ഭാഗങ്ങളിലെങ്കിലും കിറ്റ്കാറ്റ് ലഭ്യതയ്ക്ക് തടസമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് കമ്പനി. ട്രക്ക് കണ്ടെത്തുന്നതിനായി പൊലീസ് വിതരണക്കാരെയുള്‍പ്പെടെ ചേര്‍ത്ത് അന്വേഷണം ആരംഭിച്ചതായും നെസ്‌ലേ അറിയിച്ചു.
മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ അനധികൃത വിപണികളിൽ എത്തുന്നത് തടയാനും പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. പ്രത്യേക ബാച്ച് കോഡുകളിലൂടെ ചോക്ലേറ്റുകള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നെസ്‌ലേ. ഈ കോഡുകള്‍ സ്കാന്‍ ചെയ്ത് ബ്രാന്‍ഡുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കള്‍ക്കും സാധിക്കും.
കഴിഞ്ഞ ആഴ്ചയാണ് പുതിയ ശ്രേണിയിലുള്ള ചോക്ലേറ്റുകള്‍ കയറ്റിയ ട്രക്ക് കാണാതായത്. ഏത് ഭാഗത്തുവച്ചാണ് ട്രക്ക് അപ്രത്യക്ഷമായതെന്ന് വെളിപ്പെടുത്താന്‍ കമ്പനിയോ പൊലീസോ ഇതുവരെ തയാറായിട്ടില്ല. നിലവിലെ വിതരണം വലിയ തോതില്‍ തടസപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചുകഴിഞ്ഞു. ട്രക്കിൽ നിന്ന് 413,793 കിറ്റ്‌കാറ്റ് ബാറുകളാണ് മോഷണം പോയത്, അതായത് 12 ടൺ, രണ്ട് വലിയ ആനകളുടെ തൂക്കംവരുന്നത്രയും കിറ്റ്കാറ്റാണ് കമ്പനിക്ക് നഷ്ടമായിരിക്കുന്നത്.
‘മധ്യ ഇറ്റലിയിലെ ഫാക്ടറിയിൽ നിന്നും പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ 12 ടൺ കിറ്റ്‌കാറ്റ് മോഷണം പോയി, പ്രാദേശിക ഭരണകൂടമായും സപ്ലൈ പങ്കാളികളുമായും സഹകരിച്ച് അന്വേഷണം നടത്തിവരികയാണ്. ഉൽപ്പന്നങ്ങളുടെ ലഭ്യതയെ ഇത് ബാധിക്കില്ല’–എന്നായിരുന്നു സംഭവം സ്ഥിരീകരിച്ച് നെസ്‌ലേ എക്സില്‍ കുറിച്ചത്.
‘കിറ്റ്‌കാറ്റിനൊപ്പം ഒരു ബ്രേക്ക് എടുക്കൂവെന്നാണ് ഞങ്ങളുടെ പരസ്യം, അത് കള്ളന്മാർ അക്ഷരംപ്രതി അനുസരിച്ചു, 12 ടണ്‍ ചോക്ലേറ്റുമായി ഒരു വലിയ ‘ബ്രേക്ക്’ (കടന്നുകളയുക) തന്നെയാണ് അവര്‍ എടുത്തത്’ –എന്ന് നെസ്‌ലേ വക്താവ് എഎഫ്പിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.