എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഇറാൻ ബന്ധമുള്ള ഹാക്കർമാർ ചോർത്തിയെന്ന തരത്തില്‍ രണ്ടു ദിവസം മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകളും രേഖകളും ഡാന്‍സ് ചെയ്യുന്ന വിഡിയോയും അടക്കമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി പ്രചരിക്കപ്പെട്ടത്. ‘ഹന്ദാല’ എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
പുറത്തുവന്ന വിഡിയോയില്‍ ‘റാം തേരി ഗംഗാ മൈലി’ എന്ന ചിത്രത്തിലെ ‘സുൻ സാഹിബ സുൻ’ എന്ന ഹിന്ദിഗാനത്തിന് ഒരാള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ ആണ് പ്രചരിച്ചത്. ഒപ്പമുള്ളവര്‍ ഇയാളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. എഫ്.ബി.ഐ ഡയറക്ടറുടെ ലജ്ജിപ്പിക്കുന്ന സ്വകാര്യ വീഡിയോ എന്ന രീതിയിലാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടായിരുന്നത്. അതോടൊപ്പം പട്ടേല്‍ വിന്റേജ് കാറില്‍ യാത്ര ചെയ്യുന്നതും സെല്‍ഫിയെടുക്കുന്നതും സിഗാര്‍ വലിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നു.
എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് വസ്തുതാ പരിശോധനയിലൂടെ വ്യക്തമായതായി ചില ന്യൂസ് പോര്‍ട്ടലുകള്‍ അവകാശപ്പെടുന്നു. ന്യൂസ് മീറ്ററും ഗ്രേ ഇന്‍സൈറ്റ്സ് ഭാരതും ഈ രീതിയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ചോര്‍ച്ച നടന്നുവെന്നത് സത്യമാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ അഹ്സാന്‍ മിന്‍ഹാസ് പറയുന്നു. എന്നാല്‍ തന്ത്രപ്രധാനമായതോ ഔദ്യോഗികമായതോ ആയ വിവരങ്ങളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് എഫ്ബിഐ വ്യക്തമാക്കുന്നതായും സൂചനയുണ്ട്. പ്രചരിക്കുന്ന പല കാര്യങ്ങളും അതിശയോക്തി കലര്‍ന്നതാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിട്ടുവീഴ്ചകളോ വിധേയത്വമോ നടന്നിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ലംഘനം പട്ടേലിന്റെ വ്യക്തിഗത ജിമെയിൽ അക്കൗണ്ടിനെയാണ് ബാധിച്ചതെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സിസ്റ്റത്തെ ബാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വൈറലായ ഡാന്‍സ് വിഡിയോ കാഷ് പട്ടേലുമായി ബന്ധമില്ലെന്നാണ് ഫാക്ട് ചെക്കിലൂടെ കണ്ടെത്തിയത്. 2022ലെ ഒരു പഴയ വിഡിയോ ആണിതെന്നും ‘ഭാര്യ കുറച്ചുദിവസത്തേക്ക് വീട്ടിലേക്ക് പോയപ്പോൾ ഭര്‍ത്താവിന്റെ ആഹ്ലാദം’ എന്ന തരത്തില്‍ 2022 ഡിസംബർ 26-ന് ടൈംസ് നൗ പ്രസിദ്ധീകരിച്ചൊരു റിപ്പോര്‍ട്ടാണിതെന്നും വ്യക്തമാകുന്നതായി ന്യൂസ് പോര്‍ട്ടലുകള്‍ പറയുന്നു. ഗുജറാത്ത് വംശജനായ അമേരിക്കൻ പൗരനാണ് കാഷ് പട്ടേല്‍. ഉഗാണ്ടയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് മാതാപിതാക്കള്‍. ന്യൂയോർക്കിലാണ് കാഷ് പട്ടേൽ ജനിച്ചത്. കുടുംബം ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഭദ്രൻ ഗ്രാമത്തിലാണ്.