ഹോര്‍മുസ് കടലിടുക്ക്. ഇപ്പോള്‍ ഈ പേര് കേള്‍ക്കുമ്പോഴേ മനസില്‍ വരിക കടലോളം ആശങ്കയാണ്. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളില്‍ ഒന്ന്. ഇതിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം തടസപ്പെട്ടാലുള്ള പ്രതിസന്ധി എത്ര വലുതാണെന്ന് ഇനി പറയേണ്ടതില്ലല്ലോ. ലോകം ഇപ്പോള്‍ അത് ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ എണ്ണയ്ക്കൊപ്പം നിര്‍ണായകമായ മറ്റൊരു പ്രാധാന്യം കൂടി ഹോര്‍മുസിനുണ്ട്. സമുദ്രത്തിന് അടിയിലൂടെ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍. യുദ്ധം ജയിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തുനിയുന്ന ഇറാന്റെ കണ്ണുകള്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ പതിയാം. ഈ ഇന്റര്‍നെറ്റ് കേബിളുകള്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു? ഇറാന്‍ അവയെ തകര്‍ത്താല്‍ എന്ത് സംഭവിക്കും?
Also Read: ഹോര്‍മുസിന് പിന്നാലെ ബാബ് അല്‍ മന്‍ദിബും അടയ്ക്കുമോ?
ആഗോള ഇന്റർനെറ്റ് ട്രാഫിക്കിന്റെ 99 ശതമാനവും നിയന്ത്രിക്കുന്നത് സമുദ്രാന്തര കേബിളുകളാണ്. ടെലിഫോൺ കോളുകൾ, ഇന്റർനെറ്റ് ഡേറ്റ, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം ഈ കേബിളുകള്‍ വഴിയാണ്. ഹോർമുസ് കടലിടുക്കിനും പേർഷ്യൻ ഗൾഫിനും ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇവയ്ക്കു വലിയ പ്രാധാന്യമുണ്ട്. മേഖലയിലെ രാജ്യങ്ങളെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് ഈ കേബിളുകളാണ്. ഇവ മുറിഞ്ഞാല്‍ സമീപ രാജ്യങ്ങളിലെ ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ തടസ്സപ്പെടും. ഇത് ബാങ്കിംഗ്, വിദ്യാഭ്യാസം, വാർത്താവിനിമയം തുടങ്ങി സമസ്ത മേഖലകളെയും സ്തംഭിപ്പിക്കും.
ശത്രുരാജ്യങ്ങളുടെ ആശയവിനിമയം തടസ്സപ്പെടുത്താന്‍ ഇറാന്‍ ചിലപ്പോള്‍ ഈ സാധ്യത പരിഗണിച്ചേക്കാമെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ യുദ്ധത്തിന്റെ മറ്റൊരു രൂപം കൂടിയാണിത്. മേഖലയിലെ രാജ്യങ്ങള്‍ ഒറ്റപ്പെടാം. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. സ്വഭാവികമായി വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകും. 2025 ൽ ജിദ്ദയ്ക്ക് സമീപം ചെങ്കടലിലെ കേബിളുകള്‍ മുറിഞ്ഞപ്പോള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ഇന്റർനെറ്റ് വേഗം കുറഞ്ഞു. 2008-ൽ മെഡിറ്ററേനിയൻ കടലിൽ കേബിളുകൾ തകർന്നപ്പോഴും സമാനമായ പ്രതിസന്ധി നേരിട്ടു.
Cargo ships in the Gulf, near the Strait of Hormuz. FILE PHOTO
ഇന്റർനെറ്റ് കേബിളുകൾ തകർക്കുന്നതുപോലുള്ള കടുത്ത നീക്കത്തിന് ഇറാന്‍ തയ്യാറാകാനുള്ള സാധ്യത കുറവാണെന്നാണ് ഭൂരിഭാഗം രാജ്യാന്തര നിരീക്ഷകരും വിലയിരുത്തുന്നത്. കാരണം, അത്തരമൊരു നീക്കം ആഗോളതലത്തിൽ വലിയ തിരിച്ചടികൾ ക്ഷണിച്ചുവരുത്തുമെന്ന് മാത്രമല്ല, ഇറാനിലും ഇന്‍റര്‍നെറ്റ് ഇല്ലാതാകും.
സാങ്കേതിക വിദ്യ ഇന്ന് ഒരു പാട് മുന്നേറിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഇറാന്‍ ഇന്റര്‍നെറ്റ് കേബിളുകളില്‍ തൊട്ടുകളിച്ചാല്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. ലോകത്തെ പരസ്പരം ബന്ധിപ്പിക്കാൻ ഒട്ടേറെ സമുദ്ര കേബിളുകളും കരയിലൂടെയുള്ള ഫൈബർ പാതകളും സജ്ജമാണ്. ചെങ്കടൽ വഴിയും സൗദി അറേബ്യ വഴിയും മറ്റ് പാതകൾ ഉണ്ട്. ഹോർമുസിൽ തടസ്സമുണ്ടായാൽ, ഇന്റർനെറ്റ് ട്രാഫിക് തനിയെ ഈ ബദൽ പാതകളിലേക്ക് വഴിതിരിച്ചുവിടപ്പെടും. ൈഡനമിക് റൂട്ടിങ് എന്നാണ് ഇതിന്‍റെ പേര്. വേഗക്കുറവ് അല്ലാതെ മറ്റ് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ തന്ത്രപ്രധാനമാണെങ്കിലും ആഗോള ഇന്റർനെറ്റ് സംവിധാനം ഏതെങ്കിലും ഒറ്റ പാതയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നത് എന്ന ഘടകവും ആശ്വാസകരമാണ്.
ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.