അമേരിക്ക, ഇസ്രയേല്‍ – ഇറാന്‍ ആക്രമണങ്ങള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് വൈറ്റ് ഹൗസിന്റെ എക്സ് , ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 6.47ന് പോസ്റ്റ് ചെയ്ത ദൃശ്യത്തിന് വെറും അഞ്ച് സെക്കന്റാണ് ദൈര്‍ഘ്യം. പക്ഷെ ആശങ്ക ഇതൊന്നുമല്ല. ഇരുട്ട് മൂടിയ മുറിയില്‍, ഇളകുന്ന ക്യാമറ ചലനങ്ങളില്‍ സ്ത്രീ ശബ്ദത്തില്‍ പറയുന്നത് 'ഇത് ഉടന്‍ വിക്ഷേപിക്കും അല്ലേ' (it's launching soon) എന്നാണ്. 'അതെ' (yes) എന്ന് പുരുഷ ശബ്ദം മറുപടിയും നല്‍കുന്നുണ്ട്. ഗൗണ്‍ വേഷത്തില്‍ സ്ത്രീകളുടേതിന് സമാനമായ സ്വര്‍ണ നിറമുള്ള ബൂട്ട് മാത്രമാണ് ദൃശ്യത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ മുഖം കാണിക്കുന്നില്ല.
വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലിവിറ്റിന്റെ ശബ്ദമാണ് ഇതെന്നാണ് സൂചന. അഞ്ചുദിവസത്തേക്ക് അമേരിക്ക, ഇറാന്‍ ആക്രമണത്തിന്റെ തീവ്രത കുറച്ചിട്ടുണ്ടെങ്കിലും, ആണവായുധം പോലെ മാരകമായ ആയുധങ്ങളുടെ പ്രയോഗത്തിന്‍റെ സൂചനയാണിതെന്നാണ് പലരും ഭയപ്പെടുന്നത്. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള വന്‍ മിസൈല്‍ ആക്രമണത്തിന്റെ തയ്യാറെടുപ്പ് ആണെന്നും കരുതുന്നവരുണ്ട്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചെങ്കിലും ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തി.
പോസ്റ്റ് ചെയ്തത് അബദ്ധത്തിലോ അല്ലയോ എന്ന് വ്യക്തത വരുത്തുന്നതിന് പകരം മറ്റൊരു ദുരൂഹത നിറഞ്ഞ പോസ്റ്റുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. നാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പുതിയ ദൃശ്യത്തില്‍ മൂന്നാം സെക്കന്‍ഡില്‍ തെളിയുന്നത് വാട്സാപ്പ് അലേര്‍ട്ട് ടോണ്‍ ശബ്ദത്തില്‍ അവ്യക്തമായി, സിഗ്നല്‍ മുറിഞ്ഞ നിലയില്‍ മങ്ങിയ അമേരിക്കന്‍ പതാകയും. ദൃശ്യത്തില്‍ പലയിടത്തും വരുന്ന മങ്ങിയ രൂപം ചിത്രങ്ങള്‍ അടുക്കി വെച്ചതാണെന്നും, അതല്ലാ DNA കോഡ് ആണെന്നും പറയുന്നവരുണ്ട്. മങ്ങിയ നിറത്തിലുള്ള അമേരിക്കന്‍ പതാക വൈറ്റ് ഹൗസ് തന്നെ പങ്കുവെച്ചത് ദുസ്സൂചനയാണെന്നും, അപകടത്തിന്റെ അടയാളമാണെന്നും കരുതുന്നവരുണ്ട്.
എന്നാല്‍ ഇതൊന്നുമല്ല. വൈറ്റ് ഹൗസ് പുതിയതായി തുടങ്ങാനിരിക്കുന്ന ടെക്സ്റ്റ് മെസ്സേജ് അലര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമാണെന്നും കരുതുന്നവരുണ്ട്. അതിനിടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത് ആണോയെന്നും അക്കൗണ്ടുകളിലൂടെ ഹാക്കമാര്‍ എന്തെങ്കിലും വിധത്തിലുള്ള സന്ദേശം കൈമാറാന്‍ ആണോ ഉദ്ദേശിച്ചത് എന്നും വ്യക്തമല്ല. പോസ്റ്റ് ചെയ്ത് മണിക്കൂര്‍ കഴിഞ്ഞിട്ടും വിഷയത്തില്‍ വ്യക്തത വരുത്താന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ഇറാനുമായുള്ള യുദ്ധത്തിനിടെ ആക്രമണത്തെ വീഡിയോ ഗെയിമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന അക്കൗണ്ട് കൂടിയാണ് വൈറ്റ് ഹൗസിന്റേത്. മാത്രമല്ല, അമേരിക്കയുമായി ബന്ധപ്പെട്ട അന്യഗ്രഹ ജീവികളുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നും അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്തായാലും സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കാണ് വൈറ്റ് ഹൗസിന്റെ രണ്ട് പോസ്റ്റുകളും വഴിവെച്ചത്.