Image Credit : Twitter
കാമുകിക്കൊപ്പം യാത്ര ചെയ്ത ഭര്‍ത്താവിനെ കയ്യോടെ പൊക്കി നടുറോഡിലിട്ട് മര്‍ദിച്ച് ഭാര്യ. ജയ്പൂരിലെ തിരക്കേറിയ റോഡിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിനെയും കൂടെയുണ്ടായിരുന്ന കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെയും യുവതി മാരകമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിഡിയോ സൈബറിടത്ത് പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം അറിഞ്ഞതെന്നും ഇതുവരെയും ഇരുപക്ഷത്ത് നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ബജാജ് നഗർ എസ്.എച്ച്.ഒ രാംധൻ മീണ പറഞ്ഞു.
ജയ്പൂരിലെ ടോങ്ക് റോഡിൽ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോൾഡൻ ലീഫ് കെട്ടിടത്തിനടുത്താണ് സംഭവം നടന്നത്. ഭർത്താവ് കാമുകിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ട ഭാര്യ ഇരുവരെയും തടഞ്ഞുനിർത്തുകയും പരസ്യമായി മർദിക്കുകയുമായിരുന്നു. കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുടെ തലമുടി പിടിച്ച് വലിച്ച് മാരകമായി മര്‍ദിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവത്തില്‍ ഭര്‍ത്താവ് ഇടപെട്ടത്. ഇതോടെ യുവതിയുടെ ദേഷ്യം മുഴുവന്‍ ഭര്‍ത്താവിന് മേല്‍ തീര്‍ക്കുകയായിരുന്നു.
ഭര്‍ത്താവിന്‍റെ മുഖം നാട്ടുകാര്‍ കാണാനായി ഹെല്‍മറ്റടക്കം വലിച്ചൂരിയ ശേഷമായിരുന്നു മര്‍ദനം. ചുറ്റും കൂടിയ യാത്രക്കാരെല്ലാം യുവതിയെ പ്രോല്‍സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ സംഭവം കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. ഭര്‍ത്താവിന് കൂടെയുളള സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച ഭാര്യ ഇയാള്‍ തന്നെ ദിവസവും മര്‍ദിക്കുമായിരുന്നെന്നും തുറന്നടിച്ചു. ഭര്‍ത്താവ് തന്നില്‍ നിന്നും അകലുന്നത് കണ്ട് സംശയം തോന്നിയതിനാലാണ് അദ്ദേഹത്തെ പിന്തുടര്‍ന്ന് കയ്യോടെ പിടികൂടിയതെന്നും യുവതി നാട്ടുകാരോട് പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷികളായി ചുറ്റും കൂടിയ ആളുകളാണ് മര്‍ദനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൈബറിടത്ത് പങ്കുവച്ചത്. സംഭവത്തില്‍ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ബജാജ് നഗർ എസ്.എച്ച്.ഒ വ്യക്തമാക്കി.