ഇറാന് വീണ്ടും മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്. സമയം അതിക്രമിക്കും മുന്‍പ് ഇറാൻ ഭരണകൂടം ചർച്ചകളിൽ ഗൗരവം കാണിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. താൻ മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളടങ്ങിയ പദ്ധതി ഇറാൻ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ ഭീഷണി.

വ്യാഴാഴ്ച്ച പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇറാന്‍ സൈനികമായി തകര്‍ക്കപ്പെട്ടെന്നും ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്നും അതിനാല്‍ അവര്‍ താന്‍ മുന്നോട്ടുവച്ച 15 നിര്‍ദേശങ്ങളടങ്ങിയ പദ്ധതി അംഗീകരിക്കണമെന്നുമാണ് ട്രംപിന്‍റെ വാദം. ഇറാനെ 'വളരെ വ്യത്യസ്തരും വിചിത്രരും' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്‍റെ മുന്നറിയിപ്പ് സന്ദേശം ആരംഭിച്ചിരിക്കുന്നത്. 

ട്രംപ് പങ്കുവച്ച ഭീഷണി സന്ദേശം ഇങ്ങനെ... 'ഇറാന്‍റെ പ്രതിനിധികള്‍ വളരെ വ്യത്യസ്തരും വിചിത്രരുമാണ്. അവർ ഞങ്ങളോട് ഒരു കരാർ ഉണ്ടാക്കാൻ യാചിക്കുന്ന നിലയിലാണുളളത്. കാരണം അവർ സൈനികമായി പൂർണമായി തകർന്നിരിക്കുകയാണ്. തിരിച്ചു വരാനുള്ള യാതൊരു സാധ്യതയും ഇല്ല. എന്നിരുന്നാലും, അവർ ലോകത്തോട് ഞങ്ങളുടെ നിർദ്ദേശം പരിഗണിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. അത് തെറ്റാണ്!!! സമയം അതിക്രമിക്കും മുന്‍പ് അവര്‍ കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കണം. ഒരിക്കൽ അത് സംഭവിച്ചുകഴിഞ്ഞാല്‍, പിന്നോട്ടു മടങ്ങാനുള്ള വഴിയൊന്നും ഉണ്ടായിരിക്കില്ല, അതിന്റെ ഫലങ്ങൾ അത്ര സുഖകരമായിരിക്കില്ല!'– ട്രംപ് കുറിച്ചു.

ENGLISH SUMMARY:

Donald Trump has issued a strong warning to Iran, urging them to take negotiations seriously before time runs out. The former US president's statement, made on his Truth Social platform, comes after Iran rejected a 15-point proposal he had put forward.