Image Credit : Twitter/X

ബംഗ്ലദേശിലെ രാജ്ബാരി ജില്ലയിലെ പത്മ നദിയിലേക്ക് ബസ് മറിഞ്ഞ് 24 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാതായി. ധാക്കയില്‍ നിന്ന് രാജ്ബാരിയിലേക്ക് വരികയായിരുന്ന 40 പേരടങ്ങുന്ന ബസാണ് ഫെറിയിലേക്ക് കയറുന്നതിനിടെ നദിയിലേക്ക് മറിഞ്ഞത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

ബുധനാഴ്ച വൈകുന്നേരം 5:30 ഓടെയായിരുന്നു ദൗലത്തിയയിലെ ഫെറി ടെര്‍മിനല്‍ 3 യില്‍ അപകടമുണ്ടായത്. ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്‌സും കോസ്റ്റ് ഗാർഡ് മുങ്ങൽ വിദഗ്ധരും ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുത്തത്. കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നെന്ന് പൊലീസ് വൃത്തങ്ങളും വ്യക്തമാക്കി.

മരിച്ച 24 പേരെയും തിരിച്ചറിഞ്ഞു. കാണാതായവര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നും ഫയർഫോഴ്‌സും കോസ്റ്റ് ഗാർഡ് മുങ്ങൽ വിദഗ്ധരും പറയുന്നു. രക്ഷപ്പെടുത്തിയവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഫോണിൽ ബന്ധപ്പെടുകയും രക്ഷാപ്രവർത്തനത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തതായി രാജ്ബാരി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

ENGLISH SUMMARY:

A devastating bus accident in Bangladesh's Rajbari district saw a bus plunge into the Padma River, resulting in 24 fatalities and an unknown number of missing persons. Rescue efforts are ongoing under challenging weather conditions.