Image Credit: Facebook
ഇന്ത്യയുടെ ദേശീയഗാനമായി 'ജനഗണമനയ്ക്ക്' പകരം 'വന്ദേമാതരം' തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മുകേഷ് ഖന്ന. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തോടും ദേശീയ ഐഡന്റിറ്റിയോടും കൂടുതൽ അടുത്ത് നിൽക്കുന്നത് വന്ദേമാതരമാണെന്ന് താൻ വിശ്വസിക്കുന്നതായി മുകേഷ് ഖന്ന വ്യക്തമാക്കി. എ.എൻ.ഐ വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് ഈ വിഷയത്തിലുള്ള തന്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചത്. വന്ദേമാതരം രാജ്യത്ത് വലിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിരിയിക്കുകയാണ് മുകേഷ് ഖന്നയുടെ ഈ പ്രസ്താവന.
വന്ദേമാതരത്തെ കുറിച്ചുളള തന്‍റെ മുന്‍പരാമര്‍ശം അനാവശ്യമായി വിവാദമാക്കപ്പെടുകയായിരുന്നു എന്നും മുകേഷ് ഖന്ന വ്യക്തമാക്കി. 'ജനഗണമന'യുടെ ചരിത്രത്തെയും മുകേഷ് ഖന്ന ചോദ്യം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്താണ് ജനഗണമന' എഴുതപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, 'ജന ഗണ മന അധിനായക', 'ഭാരത് ഭാഗ്യ വിധാത' എന്നീ വരികളുടെ അർത്ഥത്തെക്കുറിച്ചും താരം സംശയമുന്നയിച്ചു. ഒരു ഭരണാധികാരിയെക്കുറിച്ചോ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നയാളെക്കുറിച്ചോ ആകാം ഈ വരികൾ സൂചിപ്പിക്കുന്നതെന്നും, ബ്രിട്ടീഷ് രാജാവായ ജോർജ് അഞ്ചാമന്‍ ഇന്ത്യ സന്ദർശിച്ച കാലഘട്ടവുമായി ഇതിനെ ബന്ധപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനഗണമന ദേശീയഗാനമായി തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.
മാതൃഭൂമിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാലാണ് താൻ 'വന്ദേമാതരം' തിരഞ്ഞെടുക്കുന്നതെന്ന് മുകേഷ് ഖന്ന പറഞ്ഞു. മാതാവിന് മുന്നിൽ വണങ്ങുന്നതിനെയും ആദരിക്കുന്നതിനെയും കുറിച്ചാണ് വരികൾ സംസാരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മുകേഷ് ഖന്നയുടെ ഈ വിവാദപ്രസ്താവന 'ജനഗണമന'യുടെ ഉത്ഭവത്തെയും അർത്ഥത്തെയും കുറിച്ചുള്ള പഴയൊരു ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.