trump

TOPICS COVERED

പരമോന്നത നേതാവാകാന്‍ ഇറാന്‍ നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പക്ഷെ ആവശ്യം ട്രംപ് നിരസിച്ചു. ഇറാനുമായുള്ള യു.എസ്– ഇസ്രയേല്‍ സംഘര്‍ഷം ഒരു മാസത്തിലേക്ക് എത്തുന്നതിനിടെയാണ് ട്രംപിന്‍റെ പുതിയ അവകാശവാദങ്ങള്‍. 

''നിങ്ങളെ അടുത്ത പരമോന്നത നേതാവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ഇറാന്‍ പറഞ്ഞു, വേണ്ട, നന്ദി. എനിക്കത് ആവശ്യമില്ല'' എന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്‍റെ അവകാശവാദത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൻ.ആർ.സി.സി സംഘടിപ്പിച്ച റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണ പരിപാടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയാണെന്നും കരാറിലെത്താന്‍ ഇറാന്‍ തയ്യാറാണെന്നും ട്രംപ് ഇതേവേദിയില്‍ പറഞ്ഞു.  

ആഭ്യന്തര തിരിച്ചടി ഭയന്നാണ് ഇറാൻ നേതൃത്വം ചർച്ച നടക്കുന്ന വിവരം പരസ്യമായി അംഗീകരിക്കാത്തത് എന്നാണ് ട്രംപിന്‍റെ വാദം. ചര്‍ച്ച നടക്കുന്നു എന്ന അവകാശവാദങ്ങള്‍ ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. യു.എസുമായി ചര്‍ച്ചകളില്ലെന്നും ഡീല്‍ നടക്കാന്‍ സാധ്യതയില്ലെന്നുമാണ് ഇറാന്‍ ജോയിന്റ് മിലിട്ടറി കമാന്‍ഡ് ഇബ്രാഹിം സോൾഫാകാരി പറഞ്ഞത്. 

ഇറാന്‍ ഗള്‍ഫില്‍ ഇന്നലെയും ആക്രമണം തുടര്‍ന്നു. ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ ആക്രമണമാണ് ഉണ്ടായത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളിലാണ് ഇറാൻ മിസൈലുകൾ വർഷിച്ച് നാശനഷ്ടമുണ്ടാക്കിയത്. എന്നാല്‍ ഇറാന്‍റെ മിസൈല്‍ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ENGLISH SUMMARY:

Donald Trump claims Iran offered him leadership, an offer he rejected. This statement comes amidst ongoing tensions between Iran and the US, reaching a month-long conflict.