colombian-air-force-plane-crash

Colombian military plane crash in Puerto Leguizamo, Putumayo (La Voz de Amazonia/Mare Rafue/Handout via REUTERS)

TOPICS COVERED

125 പേരുമായി പോയ കൊളംബിയൻ വ്യോമസേന വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണു. തെക്കന്‍ കൊളംബിയയില്‍ പുട്ടുമായോ പ്രവിശ്യയിലെ പ്യൂർട്ടോ ലെഗുയിസാമോ പട്ടണത്തിന് സമീപമാണ് അപകടം. 34 സൈനികര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍‌ അറിയിച്ചു. അതേസമയം 80 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

യുഎസ് നിർമ്മിത സി-130 ഹെർക്കുലീസ് വിമാനമാണ് തകര്‍ന്നത്. 114 സൈനികരും 11 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വ്യോമസേനാ കമാൻഡർ കാർലോസ് ഫെർണാണ്ടോ സിൽവ റൂഡ പറഞ്ഞു. 100 സൈനികരെ വരെ വഹിക്കാന്‍ കഴിയുന്നതാണ് വിമാനം. നിരവധിപേരെ വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരിക്കുകളോടെ പുറത്തെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായും വ്യോമസേനാ കമാൻഡർ വ്യക്തമാക്കി. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

ALSO READ: വിമാനം ട്രക്കിലിടിച്ചതെങ്ങിനെ? കാരണം പുറത്ത്; രണ്ട് പൈലറ്റുമാരും മരിച്ചു

പെറു അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങൾ സ്ഥലത്ത് നിന്ന് പുക ഉയരുന്നതും പരുക്കേറ്റ സൈനികരുമായി ആശുപത്രികളിലേക്ക് പോകുന്ന ട്രക്കുകളും കാണാം. പരിക്കേറ്റ സൈനികരെ മോട്ടോര്‍ സൈക്കിളിന് പിന്നിൽ ഇരുത്തി ആശുപത്രികളിലേക്ക് പോകുന്ന പ്രദേശവാസികളുടെ ദൃശ്യങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

‘ഭയാനകമായ അപകടം’ എന്നാണ് സംഭവത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ വിശേഷിപ്പിച്ചത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സേനയുടെ ഉപകരണങ്ങളും വിമാനങ്ങളും ആധുനികവൽക്കരിക്കാനുള്ള തന്റെ പദ്ധതികളെ തടഞ്ഞതിന് ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തി. ‘സേനയെ ആധുനികവല്‍ക്കരിക്കാന്‍ ഇനിയും കാലതാമസമുണ്ടാവാന്‍ ഞാൻ അനുവദിക്കില്ല, നമ്മുടെ യുവാക്കളുടെ ജീവൻ അപകടത്തിലാണ്’ അദ്ദേഹം എക്സില്‍ കുറിച്ചു. അപകടത്തില്‍ കൊളംബിയൻ പ്രതിരോധ മന്ത്രിയും അനുശോചിച്ചു. 

കഴിഞ്ഞ മാസം, ബൊളീവിയൻ വ്യോമസേനയുടെ സി-130 ഹെർക്കുലീസ് വിമാന‌വും തകര്‍ന്നുവീണിരുന്നു. പടിഞ്ഞാറൻ ബൊളീവിയയില്‍ ഉണ്ടായ അപകടത്തില്‍‌ 20 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ENGLISH SUMMARY:

A Colombian Air Force C-130 Hercules plane carrying 125 people crashed near Puerto Leguizamo in Putumayo province. Official reports confirm 34 deaths, while unconfirmed counts fear the toll could reach 80. President Gustavo Petro termed it a "horrific accident" and criticized officials for delaying military aircraft modernization. This follows a similar C-130 crash in Bolivia last month.