കൊന്ന് ഇറച്ചിയാക്കാന്‍ തട്ടിക്കൊണ്ടുപോയി, ആ ഇറച്ചിക്കടക്കാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന ഏഴു നായകള്‍! കിലോമീറ്ററുകള്‍ താണ്ടി അവയുടെ ഒരുമിച്ച് വീട്ടിലേക്കുള്ള യാത്ര... വായിച്ചിട്ട് അദ്ഭുതപ്പെടേണ്ട, സിനിമാ കഥയൊന്നുമല്ല... ചൈനയില്‍ നിന്നും വരുന്ന ഒരു യഥാര്‍ഥ അതിജീവന കഥയാണിത്... ഓൺലൈനിൽ ശ്രദ്ധ നേടിയ നായ്ക്കളുടെ ഈ യാത്ര കണ്ടതാകട്ടെ 230 ദശലക്ഷത്തിലധികം പേരാണ്!

വടക്കുകിഴക്കൻ ചൈനയിലാണ് സംഭവം. മാർച്ച് 16 ന് ലു എന്നയാളാണ് ജിലിൻ പ്രവിശ്യയിലെ ചാങ്‌ചുനിലെ തിരക്കേറിയ ഹൈവേയിലൂടെ ഏഴ് നായ്ക്കൾ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോയില്‍ മുന്നില്‍ നിന്ന് യാത്ര നയിക്കുന്ന ഒരു കോര്‍ഗി ഇനത്തില്‍പ്പെട്ട നായയെ കാണാം. പിന്നില്‍ ഒരുകൂട്ടം നായ്ക്കളും. പിന്നിലുള്ളവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കിയാണ് അവന്‍റെ നടത്തം. പല ഇനങ്ങളില്‍പെട്ട നായ്ക്കളായിരുന്നു അവര്‍. കൂട്ടത്തില്‍ പരുക്കേറ്റ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡുമുണ്ടായിരുന്നു. ആ നായയെ തങ്ങളുടെ സുരക്ഷാവലയത്തിലാക്കിയായിരുന്നു ബാക്കി നായകളുടെ യാത്ര.

വിഡിയോ പകര്‍ത്തിയ യുവാവ് ആ നായകളെ തന്‍റെ അടുത്തേക്ക് വിളിക്കുന്നുണ്ടെങ്കിലും അവ നടത്തം തുടര്‍ന്നു. ഒടുവില്‍ അവയുടെ സുരക്ഷാര്‍ഥം അദ്ദേഹം പ്രാദേശിക ഭരണകൂടത്തോട് ഇടപെടാന്‍ ആവശ്യപ്പെട്ട് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഇതിനകം നായ്ക്കളുടെ ദൃശ്യങ്ങള്‍ മറ്റു പലരും പങ്കിട്ടിരുന്നു. പിന്നാലെ ‘ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്’ എന്ന സംഘടനയാണ് ഈ നായ്ക്കൾ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും പട്ടിയിറച്ചി കട നടത്തിയിരുന്ന വ്യക്തികൾ തട്ടിക്കൊണ്ടുപോയതാണെന്നും വെളിപ്പെടുത്തുന്നത്. വഴിമധ്യേ അവര്‍ രക്ഷപ്പെട്ടിരിക്കാം എന്നും സംഘടന പറയുന്നു.

സംഘടന നായ്ക്കളെ ട്രാക്ക് ചെയ്യുന്നതിനും അവയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി വളണ്ടിയർമാരെയും ഒരു ഡ്രോണിനെയും അയക്കുകയായിരുന്നു. ഒടുവില്‍ മാർച്ച് 19 ന് മൂന്ന് വ്യത്യസ്ത വീടുകളിൽ നിന്നുള്ള ഏഴ് നായ്ക്കളും അവയുടെ ഉടമസ്ഥരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാവ് അവരെ ആദ്യമായി കണ്ട ഹൈവേയില്‍ നിന്നും ഏകദേശം 17 കിലോമീറ്റർ അകലെയായിരുന്നു അവയുടെ വീടുകള്‍. കാണാതായ നായ്ക്കൾ വീട്ടിലേക്ക് മടങ്ങിയെത്തിയതിൽ ഉടമകളും ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു. ആ കോർഗിയുടെ ഉടമ അവളെകുറിച്ച് അഭിമാനത്തോടെയാണ് സംസാരിച്ചത്. അതേസമയം നായ്ക്കളെ കടത്തിക്കൊണ്ടുപോയവരെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ശക്തമായ മൃഗസംരക്ഷണ നിയമങ്ങൾ വേണമെന്ന് ചൈനയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടയിലാണ് ഈ വൈറല്‍ യാത്ര ശ്രദ്ധേയമാകുന്നത്. വടക്കൻ ചൈനയിൽ ഇപ്പോളും നായകളുടെ ഇറച്ചി വില്‍ക്കുന്ന കടകള്‍ പ്രവർത്തിക്കുന്നുണ്ട്. ശൈത്യകാലത്ത് നായ ഇറച്ചി കഴിക്കുന്നത് ചൂടും ആരോഗ്യപ്രദവുമാണെന്നതാണ് ഇവരുടെ വാദം. എന്നാല്‍ മാംസത്തിനായി നായ്ക്കളെ വളർത്തുന്നത് ചെലവേറിയതായതിനാൽ നായ ഫാമുകൾ വളരെ അപൂർവമാണ്. അതുകൊണ്ടു തന്നെ തെരുവ് നായ്ക്കളും മോഷ്ടിക്കപ്പെട്ട വളർത്തുമൃഗങ്ങളെയുമാണ് ഈ ഇറച്ചിക്കടകള്‍ കത്തിക്ക് ഇരയാക്കുന്നത്.

നിലവിൽ, ചൈനയില്‍ നായ്ക്കളുടെ മാംസം കഴിക്കുന്നത് നിരോധിച്ചിട്ടില്ല. എന്നിരുന്നാലും 2020 ൽ പൂച്ചകളെയും നായ്ക്കളെയും ഭക്ഷിക്കുന്നത് ചൈനീസ് നഗരമായ ഷെൻഷെൻ നിരോധിച്ചിരുന്നു. ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യ നഗരമാണ് ഷെന്‍ഷെന്‍. അതേസമയം ചൈനയിൽ നായ്ക്കളുടെ മോഷണം ക്രിമിനൽ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. പിഴയോ തടവോ ശിക്ഷയായി ലഭിക്കുകയും ചെയ്യാം. 

ENGLISH SUMMARY:

A heartwarming survival story of seven dogs in China has gone viral. After escaping from a dog meat trade abduction, the group, led by a Corgi, traveled 17 km through a busy highway in Jilin province to reach their homes safely. While three families welcomed back their pets, the incident has reignited calls for stronger animal protection laws in Northern China against the illegal dog meat trade.