Image Credit: reddit/dailymail
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പോലും അശാസ്ത്രീയമായ 'പൊടിക്കൈ'കള്‍ നിര്‍ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷന്‍റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി. അപര്‍ണ ശ്രീവാസ്തവയ്ക്കാണ് ജോലി പോയത്. 91 വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയോട് യോഗ ചെയ്യാനും എഫ്.എം കേട്ട് മാനസിക സമ്മര്‍ദം കുറയ്ക്കാനും ഒരു ഉരുള ഭക്ഷണം 32 തവണ ചവച്ചിട്ട് മാത്രമേ ഇറക്കാവൂവെന്നും ഇവര്‍ നിര്‍ദേശം നല്‍കിയതാണ് നടപടിക്കിടയാക്കിയത്.
ഈസ്റ്റ് യോര്‍ക്ക്ഷറിലെ ഹളിലെ ആശുപത്രിയിലായിരുന്നു അപര്‍ണ ജോലി ചെയ്തിരുന്നത്. അപര്‍ണ നല്‍കിയ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ അറിഞ്ഞ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗികള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈമാറിയത്.
ഒരു നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് വെള്ളത്തോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് കീമോ തെറപ്പിയെക്കാള്‍ 1000 മടങ്ങ് ഗുണം ചെയ്യുമെന്നും രാവിലെ എഴുന്നേറ്റയുടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റുമെന്നും ഇവര്‍ ഇമെയില്‍ വഴിയും രോഗികളോട് പറഞ്ഞിട്ടുണ്ട്. മെയിലുകള്‍ പുറത്തുവന്നതോടെ അപര്‍ണയെ ആറാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. തിരികെ ജോലിക്കെടുക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.
പ്രത്യേക ബ്രാന്‍ഡിന്‍റെ ആപ്പിള്‍ സിഡര്‍ വിനേഗര്‍ വാങ്ങിക്കുടിക്കണമെന്ന് അപര്‍ണ ഒരു രോഗിയോട് നിര്‍ദേശിച്ചതിന്‍റെ വിവരവും പുറത്തുവന്നിട്ടുണ്ട്. ചെറുചൂടുള്ള എട്ടുഗ്ലാസ് വെള്ളം ദിവസവും കുടിക്കണമെന്നും ഇവര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. യോഗയിലൂടെ കുണ്ഡലിനി ഊര്‍ജത്തെ ഉണര്‍ത്തിയാല്‍ ആരോഗ്യത്തോടെ ഇരിക്കാമെന്നും രാവിലെ നാരങ്ങനീരും ഇഞ്ചി നീരും തേനില്‍ ചേര്‍ത്ത് കുരുമുളകും ചേര്‍ന്ന വെള്ളം കുടിക്കണമെന്നും പച്ചക്കറികള്‍ മാത്രം കഴിച്ചാല്‍ മതിയെന്നും 91കാരനോട് അപര്‍ണ ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ ഭാഗമായി അപര്‍ണയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് വാട്സാപ്പ് ഫോര്‍വേഡായി ലഭിച്ച വിവരങ്ങളാണിതെന്നായിരുന്നു അപര്‍ണയുടെ മറുപടി.