ഇന്‍റര്‍നെറ്റില്‍ വൈറലായ, അമ്മക്കുരങ്ങും മറ്റ് കുരങ്ങുകളും ഉപേക്ഷിച്ച കുട്ടിക്കുരങ്ങന്‍ പഞ്ച് ഇനി ഒറ്റയ്ക്കല്ല. മോമോ-ചാൻ എന്ന് പേരിട്ടിരിക്കുന്ന ഒരു പെണ്‍കുരങ്ങാണ് പഞ്ചിന്‍റെ പുതിയ കൂട്ടുകാരി. ഇരുവരും ഒരുമിച്ച് കളിച്ചുനടക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മക്കാക്ക് വർഗ്ഗത്തിൽപ്പെട്ട പഞ്ചിന്‍റെ ജനനം. ജനിച്ച ഉടനെ പഞ്ചിനെ അമ്മക്കുരങ്ങ് ഉപേക്ഷിക്കുകയായിരുന്നു. മൃഗശാലയിലെ മറ്റ് കുരങ്ങുകളും അവനെ തിരിഞ്ഞുനോക്കിയില്ല. അങ്ങിനെ അമ്മയുടെ സ്നേഹം കിട്ടാത്ത അവനെ മൃഗശാലയിലെ ജീവനക്കാര്‍ ഏറ്റെടുത്തു. കുപ്പിപ്പാല്‍ നല്‍കി അവര്‍ അവന് തണലായി. ഒറ്റപ്പെടലിൽനിന്ന് രക്ഷിക്കാനായി അവര്‍ അവന് ഐക്കിയ ബ്രാൻഡിന്‍റെ ഒരു സോഫ്റ്റ് ടോയിയും നല്‍കി.
പഞ്ച് ആ പാവയില്‍ ആശ്വാസവും സുരക്ഷിതത്വവും കണ്ടെത്തി. ആ പാവയെ അവന്‍ എല്ലായിടത്തും കൊണ്ടുനടന്നു. അങ്ങിനെ ആ പാവയ്ക്കൊപ്പമുള്ള പഞ്ചിന്‍റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. ആ പാവയ്ക്കൊപ്പം ഒറ്റയ്ക്ക് കളിക്കുന്ന പഞ്ചിന്‍റെ ദൃശ്യങ്ങള്‍ ആളുകളില്‍ ചെറുനോവ് പടര്‍ത്തി. അമ്മ ഉപേക്ഷിച്ചെങ്കിലും അങ്ങിനെ ആ കുട്ടിക്കുരങ്ങനെ ലോകം ഏറ്റെടുക്കുകയായിരുന്നു. അവനെ കാണാനായി ജപ്പാനിലെ ഇച്ചിക്കാവ സിറ്റിയിലേക്ക് ആളുകളും ഒഴുകി.
എന്നാല്‍ ഇന്ന് മോമോ-ചാനൊപ്പം നടക്കുന്ന പഞ്ചിന്‍റെ ദൃശ്യങ്ങള്‍ അവനെ സ്നേഹിച്ച നെറ്റിസണ്‍സിന്‍റെ ഹൃദയത്തില്‍ ആശ്വാസമായി മാറുകയാണ്. പഞ്ചിനൊരു കൂട്ട് കിട്ടിയത് ആഘോഷിക്കുകയാണ് സോഷ്യല്‍ ലോകവും.