Image credit: Reuters
വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിന്‍റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ കേസ്.ഫെബ്രുവരിയില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. ഫെബ്രുവരി ഒന്‍പതിന് ചാങ്ഗിയില്‍ വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനിടെ എയര്‍ ഹോസ്റ്റസ് തന്‍റെ സീറ്റിനടുത്ത് എത്തിയപ്പോഴാണ് ആകാശ് തിവാരി മോശമായി സ്പര്‍ശിച്ചത്.
യുവതിയുടെ പിന്‍ഭാഗത്ത് തന്‍റെ ശരീരം കൊണ്ട് ഉരസിയ ആകാശ്, പിന്നാലെ കടന്ന് പിടിക്കുകയും ചെയ്തു. രൂക്ഷമായി പ്രതികരിച്ച എയര്‍ഹോസ്റ്റസ് തന്‍റെ സീറ്റിലേക്ക് നടന്നു പോയപ്പോള്‍ ആകാശ് പിന്നാലെയെത്തി വീണ്ടും അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. ഇതോടെ എയര്‍ഹോസ്റ്റസ് പ്രതിരോധിക്കുകയും സൂപ്പര്‍വൈസറോട് പരാതിപ്പെടുകയും ചെയ്തു.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ഹോസ്റ്റസ് പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് ആകാശ് തിവാരിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ച ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു ആകാശിന്‍റെ വാദം. അപമര്യാദയായി പെരുമാറിയത് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവും ശിക്ഷയുമാകും ആകാശിന് ലഭിക്കുക.