knife

TOPICS COVERED

 

മാനസിക വെല്ലുവിളികളോ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളോ അനുഭവിക്കുന്നവര്‍ കൊലപാതകം നടത്തിയാല്‍ നിയമനടപടികള്‍ക്ക് ചില പരിമിതികളുണ്ട്.   ഇപ്പോഴിതാ, സ്വന്തം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ മറവിരോഗബാധിതനായ 90-കാരനെ ശിക്ഷിക്കാതെ ചികിത്സയ്ക്കായി വിട്ടയച്ചിരിക്കുകയാണ് സിംഗപ്പൂര്‍ കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തിയ റിദാവി മോര്‍സുദീന്, ആക്രമണസമയത്ത് താന്‍ കൊന്നത് സ്വന്തം ഭാര്യയായ ആമിന അബ്ദുളിനെയാണെന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല.

2024-ല്‍, റിദാവിക്ക് 88 വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്. ഭാര്യ ആമിനയ്ക്ക് 74 വയസായിരുന്നു. മക്കളുടെ വീടിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു ദമ്പതികളുടെ താമസം. മക്കള്‍ ദിവസവും ഭക്ഷണം എത്തിക്കുകയും ഇരുവരെയും പരിചരിക്കാനായി ഒരു പരിചാരികയെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഒരു ദിവസം ഭക്ഷണം എത്തിച്ച പേരക്കുട്ടിയാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന മുത്തശ്ശിയെ കണ്ടെത്തിയത്. കഴുത്തിലും താടിയെല്ലിലും ഉള്‍പ്പെടെ ഗുരുതരമായ കുത്തേറ്റ പരുക്കുകളോടെയായിരുന്നു ആമിന കിടന്നിരുന്നത്. സമീപത്ത് കയ്യില്‍ കത്രികയുമായി റിദാവിയും ഉണ്ടായിരുന്നു.

ഉടന്‍ തന്നെ പേരക്കുട്ടി ആംബുലന്‍സിനെ വിളിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ആമിനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, "താനാണ് അവരെ കൊന്നത്" എന്ന് റിദാവി പലതവണ ആവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. അക്രമാസക്തനായ ഇയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തി.

പോസ്റ്റ്മോര്‍ട്ടത്തില്‍ ആമിനയുടെ ശരീരത്തില്‍ 32 കുത്തേറ്റതായി കണ്ടെത്തി. കുത്തേറ്റതിനെ തുടര്‍ന്ന് തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022-ലാണ് റിദാവിക്ക് ആദ്യമായി മറവിരോഗം (ഡിമെന്‍ഷ്യ) സ്ഥിരീകരിച്ചത്. പിന്നീട് ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ചെറിയ കാര്യങ്ങളില്‍ പോലും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവവും പ്രകടമായിരുന്നു. സ്വന്തം വീട്ടിലാണെന്ന കാര്യം മറന്ന് വീട് അന്വേഷിച്ച് പുറത്തേക്കിറങ്ങുന്ന പതിവും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇയാളെ കാണാതായതായി കുടുംബം പത്ത് തവണയിലധികം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

നിലവില്‍ റിദാവിയുടെ മാനസികനില കൂടുതല്‍ മോശമായെന്നും അദ്ദേഹത്തെ ശിക്ഷിക്കുന്നതിനേക്കാള്‍ സുരക്ഷിതമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി പാര്‍പ്പിക്കുകയാണ് ഉചിതമെന്നുമാണ് കോടതി വിലയിരുത്തിയത്. 

ENGLISH SUMMARY:

Mental health and dementia can present complex legal challenges when individuals with these conditions are involved in criminal acts. A Singapore court recently sent a 90-year-old man with dementia, who fatally stabbed his wife, for treatment instead of punishment, highlighting these legal nuances.