Photo by Matthew XUEREB / Newsbook Malta / AFP
ഇറ്റലിക്കും മാൾട്ടയ്ക്കും ഇടയിൽ മെഡിറ്ററേനിയൻ കടലിൽ ഒഴുകിനടക്കുന്ന റഷ്യൻ ഇന്ധന ടാങ്കർ വലിയൊരു പാരിസ്ഥിതിക ദുരന്തമായി മാറിയേക്കാമെന്ന് മുന്നറിയിപ്പ്. കപ്പലില്‍ ജീവനക്കാരില്ലെങ്കിലും ഏകദേശം 900 മെട്രിക് ടൺ ഡീസലും 60,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പ്രകൃതിവാതകവും (എല്‍എന്‍ജി) ഇപ്പോഴും കപ്പലില്‍ ഉണ്ടെന്നാണ് ഇറ്റാലിയൻ അധികൃതർ അറിയിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഇറ്റലി യൂറോപ്യൻ യൂണിയന് കത്തെഴുതിയുട്ടുണ്ട്. ഏതുസമയവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ‘പാരിസ്ഥിതിക ബോംബ്’ എന്നാണ് കപ്പലിനെ കത്തില്‍ വിശേഷിപ്പിക്കുന്നത്.
Photo by Matthew XUEREB / Newsbook Malta / AFP
റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധങ്ങൾ അവഗണിച്ച് ലോകമെമ്പാടും എണ്ണ കടത്തിയിരുന്ന റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റി’ന്‍റെ ഭാഗമായ ആർട്ടിക് മെറ്റാഗാസ് എന്ന കപ്പലാണിത്. റഷ്യൻ ആർട്ടിക് തുറമുഖമായ മർമാൻസ്കിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. എന്നാല്‍ യാത്രക്കിടെ ഈ മാസം ആദ്യം മാൾട്ടയിൽ നിന്ന് ഏകദേശം 168 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി മെഡിറ്ററേനിയൻ കടലില്‍ വച്ച് കപ്പലിനെ ഡ്രോണുകൾ ആക്രമിച്ചതായാണ് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന 30 ജീവനക്കാരെ ലിബിയൻ തീരസംരക്ഷണ സേനയാണ് രക്ഷപ്പെടുത്തുന്നത്. കപ്പല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
കപ്പൽ മുങ്ങിപ്പോയെന്നാണ് അന്ന് ലിബിയൻ തുറമുഖ ഉദ്യോഗസ്ഥര്‍ മെഡിറ്ററേനിയൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങൾക്ക് ശേഷം മാള്‍ട്ടയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കപ്പൽ കണ്ടെത്തുകയും ഇറ്റലിയെ വിവരം അറിയിക്കുകയും ചെയ്തു. കടലിലുള്ളവര്‍ കപ്പലിൽ നിന്ന് കുറഞ്ഞത് അഞ്ച് നോട്ടിക്കൽ മൈൽ എങ്കിലും അകലം പാലിക്കണമെന്ന് ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറ്റലിയും മാള്‍ട്ടയും കപ്പലിന്‍റെ ചലനം നിരീക്ഷിക്കുന്നുണ്ട്. സംഭവം രാജ്യാന്തര ജലാശയത്തിലാണെങ്കിലും കാറ്റിന്‍റെ ഗതി കപ്പലിനെ ഇറ്റാലിയുടെ തീരത്തേക്ക് അടുപ്പിച്ചേക്കാമെന്നാണ് ഇറ്റലിയുടെ ആശങ്ക. നിലവില്‍ ലാംപെഡൂസ ദ്വീപിൽ നിന്നും തെക്കോട്ട് ലിബിയയുടെ നേരെ ഒഴുകുകയാണ് കപ്പല്‍.
Photo: Marina Militare/Handout via REUTERS
കപ്പല്‍ ഉയര്‍ത്തുന്ന അപകടസാധ്യതകൾ വളരെ വലുതാണെന്നും അത് ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്നുമാണ് ഇറ്റാലിയൻ മന്ത്രിസഭയുടെ സെക്രട്ടറി ആൽഫ്രെഡോ മാന്റോവാനോ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വലിയ അളവിൽ പ്രകൃതി വാതകം അടങ്ങിയതുകൊണ്ടു തന്നെ ടാങ്കർ മുങ്ങുകയാണെങ്കിൽ പരിസ്ഥിതിക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണികളെക്കുറിച്ച് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പില്‍ ഉണ്ടായേക്കാവുന്ന തീപിടിത്തമോ പൊട്ടിത്തെറിയോ ചോര്‍ച്ചയോ സമുദ്രജലത്തെയും അന്തരീക്ഷത്തെയും ദീർഘകാല മലിനീകരണത്തിന് കാരണമാകും. കപ്പൽ ഇപ്പോൾ സഞ്ചരിക്കുന്ന പ്രദേശം സംരക്ഷിത സമുദ്ര ജീവികളുടെ ആവാസ കേന്ദ്രമാണെന്നും സംഘടന വ്യക്തമാക്കുന്നു.
ആക്രമിച്ചതാര്?
കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ‘ഭീകരാക്രമണം’ എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. യുക്രെയിന്‍റെ ഡ്രോണുകളാണ് കപ്പല്‍ ആക്രമിച്ചതെന്നാണ് റഷ്യ ആരോപിക്കുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് യുക്രെയിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനം എന്നാണ് ആക്രമണത്തെ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവാണ് മരിയ സഖാരോവ വിശേഷിപ്പിച്ചത്. ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിന്റെ തീരത്തിന് വളരെ അടുത്ത് നടന്ന ആക്രമണത്തെ ഒരു യൂറോപ്യൻ രാജ്യവും ഇന്നുവരെ അപലപിച്ചിട്ടില്ലെന്നും സഖാരോവ പറയുന്നു.
Photo by Matthew XUEREB / Newsbook Malta / AFP
റഷ്യയുടെ എൽഎൽസി എസ്‌എംപി ടെക്മാനേജ്‌മെന്റിനാണ് കപ്പലിന്‍റെ ഉടമസ്ഥത. എന്നാല്‍ ഇറ്റലിയോ മാള്‍ട്ടയോ ഇതുവരെ കമ്പനിയുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ടാങ്കർ സുരക്ഷിതമായി തുറമുഖത്തേക്ക് വലിച്ചിഴയ്ക്കാൻ കഴിയുമോ അതോ കടലിൽ മുക്കണോ എന്ന് തീരുമാനിക്കാന്‍ മാള്‍ട്ട പ്രത്യേക മറൈൻ രക്ഷാ സംഘത്തെ നിയോഗിച്ചതായാണ് മാൾട്ട ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.