Smoke rises from the direction of an energy installation in the Gulf emirate of Fujairah on March 14, 2026.
യു.എ.ഇയിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍റെ ആക്രമണം. ഫുജൈറയില്‍ ഓയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടുത്തമുണ്ടായി. ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അബുദാബിയില്‍ ഓടിക്കൊണ്ടിക്കുന്ന സിവിലിയന്‍ കാറിനു നേരെ മിസൈല്‍ പതിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ പൗരനാണ് കൊല്ലപ്പെട്ടത്. അബുദാബിയിലെ അല്‍ ബഹിയ മേഖലയിലാണ് സിവിലിയന്‍ വാഹനത്തില്‍ മിസൈല്‍ പതിച്ചത്. യു.എസ്–ഇസ്രയേല്‍ സംയുക്ത സേനയും ഇറാനുമായുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവം.
ഫുജൈറയിലെ എണ്ണ വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ തീപിടുത്തമുണ്ടായി. പ്രദേശത്ത് നിന്ന് കട്ടിയുള്ള പുകപടലങ്ങൾ ഉയരുന്നത് ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. തീപിടുത്തമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തുറമുഖത്തെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഫുജൈറയില്‍ നിന്നും എണ്ണ ലോഡിംഗ് പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.
യുഎഇയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഫുജൈറ പ്രധാനപ്പെട്ട ക്രൂഡ് ഓയിൽ സംഭരണ കേന്ദ്രങ്ങളിലൊന്നാണ്.
ഹോര്‍മുസില്‍ നിന്നും 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഫുജൈറ തുറമുഖം. തന്ത്രപ്രധാന ഇടനാഴിയെ മറികടക്കുന്ന യുഎഇയിലെ ഏക കയറ്റുമതി പാതയെന്നതിനാല്‍ ഫുജൈറ തുറമുഖത്തിന് പ്രധാന്യമുണ്ട്. ഹബ്ഷാൻ–ഫുജൈറ പൈപ്പ്‌ലൈൻ എന്നും അറിയപ്പെടുന്ന അബുദാബി ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ വഴി അബുദാബിയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ഫുജൈറയിലേക്ക് എണ്ണ എത്തിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. കെപ്ലർ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.7 ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധനങ്ങളും ഫുജൈറ കയറ്റുമതി ചെയ്തിട്ടുണ്ട്. ലോകത്തിന്‍റെ ദൈനംദിന ആവശ്യകതയുടെ 1.7 ശതമാനം എണ്ണ ഫുജൈറ കൈകാര്യം ചെയ്യുന്നു എന്നര്‍ഥം.
ഹോര്‍മുസിനെ മറികടന്ന് എണ്ണ എത്തിക്കാന്‍ യു.എ.ഇ ഉപയോഗിക്കുന്ന തന്ത്രപ്രധാന മേഖലയാണ് ഫുജൈറ. ഇതിനെയാണ് ഇറാന്‍ നിരന്തരം ആക്രമിക്കുന്നത്. ഇറാന്‍റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്താന്‍ യുഎഇയിലെ തുറമുഖങ്ങളും ഒളിയിടങ്ങളും യു.എസ് ഉപയോഗിച്ചു എന്നാണ് ഇറാന്‍റെ ആരോപണം.