എക്സില്‍ പ്രചരിക്കുന്ന ചിത്രം
ഇറാന്‍റെ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കൊല്ലപ്പെട്ടു എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇറാന്‍ മാധ്യമങ്ങളാണ് അഭ്യൂഹം പരത്തിയതെങ്കിലും ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നില്ല. എന്നാല്‍ നെതന്യാഹുവിന്‍റെ അസാന്നിധ്യത്തെ വീണ്ടും ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മാര്‍ച്ച് 13 ന് നെതന്യാഹു സ്വന്തം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ഒരു വിരലില്‍ ആറു വിരലുകള്‍ കാണുന്നതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.
വെള്ളിയാഴ്ചയാണ് എക്സില്‍ നെതന്യാഹു വിഡിയോ പങ്കുവച്ചത്. ഇറാനെതിരായ സംഘര്‍ഷത്തെ പറ്റിയായിരുന്നു വിഡിയോയില്‍ പരാമര്‍ശങ്ങള്‍. എന്നാല്‍ ഈ വിഡോയയില്‍ ഒരു കയ്യില്‍ ആറു വിരലുകള്‍ കാണുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആറു വിരലുകളുള്ള വിഡിയോ എഐ നിര്‍മിതമാണെന്നാണ് ഒരു വാദം. നെതന്യാഹു കൊല്ലപ്പെട്ടന്നാണ് മറ്റൊരു വാദം. അതേസമയം ഫാക്ട്ചെക്കിങുകള്‍ ഈ വാദങ്ങളെ തള്ളുന്നു.
നെതന്യാഹു എവിടെയെന്ന് ചോദിച്ച് യു.എസ് രാഷ്ട്രീയ നിരീക്ഷക കാൻഡിസ് ഓവൻസ് എക്സില്‍ ആശങ്ക പങ്കുവച്ചു. ഇറാനില്‍ നടക്കുന്നതിനെ പറ്റി സര്‍ക്കാര്‍ യു.എസിലുള്ളവരോട് കാര്യം പറയുന്നില്ല. കാര്യങ്ങള്‍ നല്ല രീതിയിലല്ല പോകുന്നത്. എവിടെയാണ് ബിബി നെതന്യാഹു. എന്തുകൊണ്ടാണ് എഐ വിഡിയോ നിര്‍മിക്കുന്നത് എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. അതേസമയം വിഡിയോയിലെ ഒരു ഫ്രെയിമില്‍ ആറ് വിരലുകൾ ഉള്ളതായി തോന്നുന്നചതിന് കാരണം ക്യാമറ ആംഗിളിലെ പ്രത്യേകതയും ദൃശ്യങ്ങളിൽ ഉണ്ടായ അവ്യക്തതയുമാണെന്നാണ് എക്സില്‍ വിവിധയാളുകള്‍ നല്‍കുന്ന വിശദീകരണം.
ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി നേരത്തെ ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ തസ്നിം ആണ് റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹു പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതും യു.എസ് പ്രതിനിധികളുമായുള്ള ചര്‍ച്ച അവസാന നിമിഷം മാറ്റിവച്ചതും വസതിക്ക് ചുറ്റും സുരക്ഷ വർധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് തസ്നിം വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഊഹാപോഹങ്ങള്‍ക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല.