Image Credit: X@TheBritishIntel
ഇറാനിയന്‍ നേവിയുടെ യുദ്ധകപ്പലായ ഐആര്‍ഐഎസ് ദേന ശ്രീലങ്കയുടെ തെക്കന്‍ തുറമുഖമായ ഗാല്ലെയില്‍ അടുപ്പിക്കാനായി അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. അനുമതി തേടിയുള്ള അപേക്ഷയോട് സര്‍ക്കാര്‍ 11 മണിക്കൂറിന് ശേഷമാണ് പ്രതികരിച്ചതെന്നും എന്തിനാണ് സര്‍ക്കാര്‍ ഇത്രയും വൈകിയതെന്നും ശ്രീലങ്കന്‍ പ്രതിപക്ഷ എംപി മുജീബുര്‍ റഹ്മാന്‍ പാര്‍ലമെന്‍റില്‍ ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ യുദ്ധകപ്പല്‍ തകരുകയും 87 ഓളം നാവികര്‍ കൊല്ലപ്പെടുകയും ചെയ്തത്.
എന്തുകൊണ്ടാണ് കപ്പലിന് 11 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതെന്നാണ് മുജീബുര്‍ റഹ്മാന്‍ ചോദിക്കുന്നത്. ''പരിശീലനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും പുറപ്പെട്ട കപ്പലിന് മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം ഗതി മാറ്റേണ്ടിവന്നു. അതിനാല്‍ ശ്രീലങ്കയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയുള്ള സമുദ്രാതിർത്തിയില്‍ കപ്പല്‍ ഏകദേശം 11 മണിക്കൂറോളം നേരം ഉണ്ടായിരുന്നു. ഗാലെ തുറമുഖത്ത് നങ്കൂരമിടാൻ കപ്പൽ അഭ്യർത്ഥിച്ചിരുന്നു. എന്തുകൊണ്ടാണ് ഗാലെ തുറമുഖത്ത് കപ്പലിനെ അനുവദിക്കാതിരുന്നത്? '' എന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ ചോദിച്ചു.
പേർഷ്യൻ ഗൾഫിലുണ്ടായിരുന്ന അമേരിക്കൻ അന്തർവാഹിനിക്ക് ദേനയുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും അതിന് ശേഷമാണ് ശ്രീലങ്കന്‍ തീരത്തിന് സമീപം വച്ച് കപ്പലിനെ ലക്ഷ്യം വെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് അനന്തര്‍വാഹിനി നടത്തിയ ടോർപ്പിഡോ ആക്രമണത്തില്‍ കപ്പല്‍ നടുകെ പിളരുകയായിരുന്നു. 87 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 32 നാവികെ ശ്രീലങ്കന്‍ നേവിയും എയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തിയരുന്നു. 180 പേരുള്ള കപ്പലിലെ 60 ഓളം പേരെ പറ്റി നിലവില്‍ വിവരമില്ല.
അതേസമയം, ശ്രീലങ്കന്‍ തീരത്തുള്ള രണ്ടാമത്തെ ഇറാനിയന്‍ യുദ്ധകപ്പലായ ഐറിസ് ബുഷെറിന് ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കപ്പല്‍ ട്രിങ്കോമലി തുറമുഖത്തേക്ക് അടുപ്പിക്കുമെന്നും ജീവനക്കാരെ കൊളംബോ തുറമുഖത്ത് എത്തിക്കുമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.
ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്ത ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുത്ത കപ്പലാണ് ആക്രമിച്ചപ്പെട്ട ദേന. ഇന്ത്യയില്‍ നിന്നും ഇറാനിലേക്കുള്ള മടക്കയാത്രയിലാണ് ബുധനാഴ്ച പുലര്‍ച്ചെ കപ്പല്‍ ആക്രമിക്കപ്പെടുന്നത്. ശ്രീലങ്കയുടെ തെക്കന്‍ മേഖലയായ ഗാലെയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സഞ്ചാരപാതയിലായിരുന്നു സംഭവം.