iris-dena-attacked-n

ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധ ഐ.ആര്‍ഐ.എസ് ദേനയ്ക്ക് നേരെ ഉണ്ടായത് യു.എസ് ആക്രമണം തന്നെയെന്ന് സ്ഥിരീകരണം. ആക്രമണത്തില്‍ കപ്പല്‍ മുങ്ങിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് സ്ഥിരീകരിച്ചു. ടോർപ്പിഡോ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ശത്രു കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നതെന്നും ഹെഗ്സെത് പറഞ്ഞു.

കപ്പലിന് നേരെ നടന്ന ആക്രമണത്തെത്തുടർന്ന് അപകടസന്ദേശം പുറപ്പെടുവിച്ചതോടെയാണ് ശ്രീലങ്കന്‍ സേന തിരച്ചിലിന് എത്തിയത്. ഇതുവരെ 32 പേരെ രക്ഷപ്പെടുത്തിയതായും ഏതാനും മൃതദേഹങ്ങൾ കണ്ടെടുത്തതായും ശ്രീലങ്കൻ അധികൃതർ അറിയിച്ചു. 80 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. 

ഇറാന്റെ ആധുനികമായ യുദ്ധക്കപ്പലുകളിൽ ഒന്നാണ് ഐആര്‍ഐഎസ് ദേന. ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്ത ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുത്ത കപ്പലാണിത്. വിശാഖപട്ടണത്ത് നിന്നും ഇറാനിലേക്ക് മടങ്ങുന്നതിനിടെ ശ്രീലങ്കയുടെ തെക്കന്‍ മേഖലയായ ഗാലെയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സഞ്ചാരപാതയിലാണ് കപ്പലിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. 

അതേസമയം, ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം പേര്‍ മരിച്ചു. അതില്‍ 181 പേര്‍ കുട്ടികളാണ്. പരുക്കേറ്റവരുടെ എണ്ണം 5000 കടന്നനെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിനുപുറമെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തെന്ന് യുഎസ് അറിയിച്ചു.  അന്തര്‍വാഹിനിയടക്കം 17 ഇറാന്‍ കപ്പലുകള്‍ തകര്‍ത്തു. 

കുവൈത്തില്‍ ഇറാന്‍ ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടം വീണ് പരുക്കേറ്റ പതിനൊന്നുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ നാലുപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ദുബായിലെ US കോണ്‍സുലേറ്റിനുനേരെ രാത്രി വ്യോമാക്രമണശ്രമമുണ്ടായി. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലെ മിസൈല്‍ ആക്രമണശ്രമവും തടഞ്ഞു. യുഎഇയിലേക്ക് ഇന്ന് മാത്രം 3 ബാലിസ്റ്റിക് മിസൈലുകളും 129 ഡ്രോണുകളുമുപയോഗിച്ച് ആക്രമണശ്രമമുണ്ടായി. 

ENGLISH SUMMARY:

US forces confirmed an attack on the Iranian warship IRIS Dena off the coast of Sri Lanka, leading to its sinking via torpedo. This marks the first instance of an enemy warship being sunk with a torpedo since World War II, as confirmed by US Defense Secretary Pete Hegseth.