ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നൂറുകണക്കിന് വിമാന സര്‍വീസുകളാണ് ഇന്നും റദ്ദാക്കിയത്. ഇതോടെ കോവിഡ് -19 ന് ശേഷമുള്ള ഏറ്റവും വലിയ സ്തംഭനമാണ് ആഗോള വ്യോമയാന മേഖല നേരിടുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വൈമാനിക കേന്ദ്രമായ ദുബായ് ഉൾപ്പെടെ പ്രധാന മിഡിൽ ഈസ്റ്റേൺ വിമാനത്താവളങ്ങൾ തുടർച്ചയായ മൂന്നാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് യാത്രക്കാരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍‌ ആഘാതം മിഡിൽ ഈസ്റ്റിനും അപ്പുറത്തേക്കും വ്യാപിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചവരെ റദ്ദാക്കപ്പെട്ടത് 1,239 വിമാനങ്ങളാണ്. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ്, അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്‌സ്, ദോഹ ആസ്ഥാനമായുള്ള ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികള്‍ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. മറ്റ് വിമാനക്കമ്പനികളാകട്ടെ ഗള്‍ഫ് മേഖലയിലുടനീളമുള്ള സർവീസുകൾ റദ്ദാക്കി. ഡൽഹി, മുംബൈ, അമൃത്സർ എന്നിവിടങ്ങളിൽ നിന്ന് യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ഞായറാഴ്ച എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.

ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ്അവെയറിന്‍റെ  റിപ്പോർട്ട് പ്രകാരം ശനിയാഴ്ച ഏകദേശം 2,800 വിമാനങ്ങളും ഞായറാഴ്ച 3,156 വിമാനങ്ങളും റദ്ദാക്കുകയുണ്ടായി. ഇറാൻ, ഇറാഖ്, കുവൈറ്റ്, ഇസ്രായേൽ, ബഹ്‌റൈൻ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി തിങ്കളാഴ്ച വരെ ഏതാണ്ട് ശൂന്യമായിരുന്നുവെന്നാണ് ഫ്ലൈറ്റ്റാഡാർ24 വെബ്സൈറ്റ് കാണിക്കുന്നത്. യുഎഇയിലെ അബുദാബി, ഖത്തറിലെ ദോഹ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങൾ അടച്ചുപൂട്ടുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്തിരിക്കുകയാണ്.

ദിവസങ്ങളോളം വ്യോമഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെ മുൻനിര എയർലൈൻ ഓഹരികളും ഇടിയാന്‍ ആരംഭിച്ചു. ജപ്പാൻ എയർലൈൻസിന്‍റെ ഓഹരികൾ 5.6 ശതമാനവും, സിംഗപ്പൂർ എയർലൈൻസ് 4.5 ശതമാനവും, ക്വാണ്ടാസ് എയർലൈൻസ് 5.4%, കാത്തേ പസഫിക് 2.9% എന്നിങ്ങനെയും ഇടിഞ്ഞു. യുഎസ് സൈനിക നടപടി നാല് ആഴ്ച കൂടി നീണ്ടുനിൽക്കുമെന്ന ഡോണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനവും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ വിമാനക്കമ്പനികൾക്ക് നൂറുകണക്കിന് കോടിയുടെ അധിക ചെലവുകളും വരുമാന നഷ്ടവും ഉണ്ടാകാം. വിമാന കമ്പനികള്‍ക്ക് മുന്‍പിലുള്ള മറ്റൊരുമാര്‍ഗം റൂട്ട് മാറ്റുകയാണ്. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാ സമയം 4 മുതല്‍ 6 മണിക്കൂർ വർദ്ധിക്കുന്നുണ്ട്. കൂടാതെ ഇന്ധനച്ചെലവും.

അടുത്ത കുറച്ച് ദിവസത്തേക്ക് പെട്ടെന്ന് ഫ്ലൈറ്റുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യപ്പെടാമെന്നും ഇതിനായി യാത്രക്കാര്‍ തയ്യാറായിരിക്കണമെന്നും വ്യോമയാന വിദഗ്ദര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മേഖലയിലൂടെയുള്ള യാത്രാ തടസ്സങ്ങൾ പരിചിതമാണെങ്കിലും 24 മണിക്കൂറിലധികം ആകാശം അടച്ചിടുന്നതും മൂന്ന് പ്രധാന ഗൾഫ് ഗതാഗത കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നതും അഭൂതപൂർവമാണെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. 

ENGLISH SUMMARY:

The escalating Iran-Israel conflict has triggered the most significant aviation shutdown since COVID-19, with over 1,200 flights cancelled by Monday morning. Major hubs like Dubai, Doha, and Abu Dhabi remain closed for the third consecutive day, leaving hundreds of thousands of passengers stranded worldwide. Airlines including Emirates, Etihad, and Qatar Airways have halted operations, while Air India cancelled major routes to Europe and North America. Global airline stocks like Japan Airlines and Qantas have plummeted following President Trump’s warning that military action could last four more weeks. Flight durations are increasing by up to 6 hours due to rerouting, leading to massive fuel costs and revenue losses. As of March 2, 2026, experts predict prolonged disruptions and advise passengers to brace for further cancellations. Stay updated on the latest flight status and travel advisories for the Gulf region.