Untitled design - 1

ഇറാന്‍ പരമോന്നതനേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതോടെ പിന്‍ഗാമിയായി ആയത്തുല്ല അറാഫിയ്ക്കു സാധ്യത. ഇദ്ദേഹം ഖമനയിയുടെ താല്ക്കാലിക ചുമതല വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പണ്ഡിതസഭയുടെ ഉപമേധാവിയാണ്. ശക്തമായ അക്കാദമിക് പശ്ചാത്തലവും ദീര്‍ഘകാല അധ്യാപനപരിചയവും ഉള്ള അദ്ദേഹം ഇറാനിലെ മതവിദ്യാഭ്യാസ സംവിധാനത്തിന്റെ നവീകരണത്തിലും ആഗോള ഷിയാ പഠന സ്ഥാപനങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഹൗസ്ഓഫ് എക്സ്പര്‍ട്‌സിലെ അംഗമായും വിവിധ മത-സാമൂഹിക നയരൂപീകരണങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ഇദ്ദേഹം, മതശാസ്ത്രത്തെയും ഭരണനയങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തിയായി അറിയപ്പെടുന്നു. 

 

Also Read: ഇറാനെതിരെ സൗദി രാജകുമാരൻ ട്രംപിനെ സ്വാധീനിച്ചു?; പലതവണ വിളിച്ചെന്ന് യുഎസ് മാധ്യമം

പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന രാഷ്‍ട്രത്തലവന്‍മാരില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയി. കടുത്ത പാശ്ചാത്യ– ഇസ്രയേല്‍ വിരുദ്ധനായ ഖമനേയി സ്വന്തം രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തി. ഇറാന്‍റെ ആണവപദ്ധതികളിലടക്കം അവസാന വാക്ക് പരമോന്നത നേതാവിന്റേതാണ്. ഒന്‍പത് ലക്ഷം കോടിയായിരുന്നു ഖമനേയിയുടെ ആസ്തി. 

 

1939-ൽ വടക്കൻ ഇറാനിലെ മഷ്ഹാദില്‍   ജനിച്ച ആയത്തുല്ല അലി , ഷാ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.  ഇസ്ലാമിക വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ചു. ഏകാന്ത തടവില്‍ ക്രൂര പീഡനങ്ങളേറ്റുവാങ്ങി. ഷാ ഭരണകൂടം പുറത്താക്കപ്പെട്ട ശേഷം  1981 മുതൽ 89 വരെ ഇറാൻ പ്രസിഡൻ്റായി ഖമനേയി. 1989-ൽ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ പിൻഗാമിയായി പരമോന്നത നേതൃ പദവിയിലെത്തി. പ്രസിഡന്റിനും പാർലമെന്റിനും മുകളിൽ അധികാരമുള്ള ഭരണാധികാരി. ഇറാന്റെ രാഷ്ട്രീയം, മതം, വ്യവസായം, അടിസ്ഥാനസൗകര്യം, പ്രതിരോധം തുടങ്ങി സമസ്ത മേഖലകളും അദ്ദേഹം കാല്‍ക്കീഴിലാക്കി. 

 

ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറിന് ഭരണത്തിൽ പ്രധാന റോള്‍ നല്‍കി തന്‍റെ പദവി ഉറപ്പിച്ച് നിര്‍ത്തി. ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂതികളെയും ഇറാഖിലെ ഷിയ മിലിഷ്യകളെയും സിറിയയിലെ അസദിനെയും ചേര്‍ത്ത് യുഎസ്– ഇസ്രയേല്‍ വിരുദ്ധ ചേരി രൂപീകരിച്ചു.  വെല്ലുവിളി ശക്തമാവുമ്പോള്‍ പാശ്ചാത്യര്‍ക്ക് വഴങ്ങി. ആഭ്യന്തര വെല്ലുവിളികളെ മറികടക്കാന്‍ ജാഗരൂകനായിരുന്ന ഖമനേയി , പ്രസിഡന്‍റ് പദവിയിലെത്തുന്നവര്‍ തന്‍റെ പക്ഷമെന്ന് ഉറപ്പിച്ചു.  യാഥാസ്ഥിതികരെ മാത്രം അധികാരത്തിലേറ്റി. സ്ത്രീപക്ഷ – മനുഷ്യാവകാശ പ്രക്ഷോഭങ്ങളെ നിര്‍ദാഷിണ്യം അടിച്ചമര്‍ത്തി.   

 

പാശ്ചാത്യ വാക്സിനുകള്‍ അനുവദിക്കില്ല എന്ന നിലപാട് ഇറാനില്‍ കോവിഡ് തീവ്രവ്യാപനത്തിന് കാരണമായി. ആണവപദ്ധതികളെ രാജ്യത്തിന്റെ അഭിമാനമായി കണ്ട അദ്ദേഹം പാശ്ചാത്യരുടെയും അയല്‍രാജ്യങ്ങളുടെയും എതിര്‍പ്പിനെ അവഗണിച്ചു. പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ എണ്ണസമ്പത്ത് പ്രയോജനപ്പെടുത്തിയും റഷ്യ, ചൈന എന്നിവരുമായി ബന്ധം ശക്തമാക്കിയും രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ ശ്രമിച്ചു. അഴിമതിക്കഥകള്‍ക്് പഞ്ഞമുണ്ടായില്ല . ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ മേഖലയിലെ കരുത്തുറ്റ രാജ്യമാക്കി വളർത്തിയെടുത്തതിൽ 40 വർഷത്തെ ഖമനയി ഭരണത്തിന്‍റെ പങ്ക് ഏറെ വലുതാണ്.

 

ENGLISH SUMMARY:

Ayatollah Ar Rafi is a potential successor to Ayatollah Khamenei, who was killed and will temporarily hold the position. He has a strong academic background and extensive teaching experience, playing a crucial role in reforming Iran's religious education system and strengthening ties with global Shia academic institutions.