ലോകത്തെ ഞെട്ടിച്ച് ഇറാനില്‍ ഇസ്രയേല്‍ യുഎസ് സംയുക്താക്രമണം. ഇറാനെ തകര്‍ക്കുമെന്നും  ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം, ശത്രുവിനെ ഇല്ലാതാക്കുംവരെ തിരിച്ചടിയെന്ന് ഇറാനും പ്രതികരിച്ചു. 

 

ഇറാനുനേരെയുള്ള ആക്രമണത്തെ അപലപിച്ച് റഷ്യ രംഗത്തെത്തി. യുഎന്‍ അംഗമായ രാജ്യത്തിനുനേരെയുള്ള കടന്നുകയറ്റമാണിതെന്നും നിലവിലെ സാഹചര്യം ലോകത്തിന് ഭീഷണിയെന്നും  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇറാന്‍ നിലപാട് തിരുത്തണമെന്നും മക്രോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആണവായുധം  വികസിപ്പിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ബ്രിട്ടന്‍ നിലപാടെടുത്തു. ഇറാന്‍റെ നീക്കങ്ങളെ അപലപിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സൗദ്യ ഭരണകൂടം വ്യക്തമാക്കി. 

 

ആക്രമണം കടുക്കുന്നു

 

യുഎസ് സഹായത്തോടെ ഇറാന്റെ തലസ്ഥാനത്ത് ഇസ്രയേൽ ആക്രമണം കടുക്കുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ കൊട്ടാരം തകര്‍ത്ത ദൃശ്യങ്ങള്‍ പുറത്ത് വന്നു . കൊട്ടാരത്തില്‍ ഖമനയി ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. ഇദ്ദേഹത്തെ നേരത്തെ തന്നെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഇറാനിലെ മിനാബ് സ്കൂളില്‍ മിസൈല്‍ പതിച്ച് 51 വിദ്യാര്‍ഥികനികള്‍ കൊല്ലപ്പെട്ടു. ലോകത്തെ ഞെട്ടിച്ചാണ് ഇറാനില്‍ ഇസ്രയേല്‍ യുഎസ് സംയുക്താക്രമണം നടത്തുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്റാന്‍ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും ശക്തമായ സ്ഫോടനങ്ങള്‍ നടത്തി. തെക്കന്‍ ഇറാനിലെ മിനാബ് സ്കൂളില്‍ മിസൈല്‍ പതിച്ച് 40 കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. 

 

Also read: കണ്ണീരണിഞ്ഞ് ഇറാന്‍; ചിന്നിച്ചിതറിയത് 40 പെണ്‍ കുഞ്ഞുങ്ങള്‍, സ്കൂളിലെ ദൃശ്യം പുറത്ത്


ഭീകരവാദത്തിന്റെ നമ്പര്‍ വണ്‍ സ്പോണ്‍സറായ ഇറാനെ തകര്‍ക്കുമെന്ന് ഡോണള്‍ഡ് ട്രംപും ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്ന് നെതന്യാഹുവും പ്രതികരിച്ചു. ഇസ്രയേല്‍, ഇറാഖ്, ഇറാന്‍, ഖത്തര്‍ വ്യോമപാതകള്‍ അടച്ചു. ഇറാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. യുദ്ധത്തിന് എപ്പിക് ഫ്യൂറി എന്നാണ് പേരെന്ന് യുഎസും  ലയണ്‍ റോര്‍ എന്നാണ് പേരെന്ന് നെതന്യാഹുവും വ്യക്തമാക്കി

 

മറുവശത്ത് ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ മിസൈൽ ആക്രമണം തുടരുകയാണ്. യുഎഇ,  കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. അബുദബിയിൽ നടന്ന ആക്രമണത്തിൽ ഏഷ്യക്കാരനായ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ  സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്   ഈ നീക്കം.

 

കഴിഞ്ഞതവണത്തേതുപോലെ തിരിച്ചടി ഇസ്രയേലില്‍ മാത്രമായിരിക്കുമെന്ന് കരുതിയിരുന്നവര്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ഇറാന്‍റെ പ്രത്യാക്രമണം. ഇസ്രയേലിനെ ആദ്യം പ്രഹരിച്ച ഇറാന്‍ പിന്നീട് മിസൈലുകള്‍ ഒന്നൊന്നായി ഗള്‍ഫിലേക്ക് തൊടുത്തു. ആദ്യം ബഹ്റൈനിലെ  യുഎസ് അഞ്ചാം കപ്പൽപ്പടയുടെ കേന്ദ്രത്തിനു നേരെ. തലസ്ഥാനമായ ദോഹയിൽ ഒന്നിനുപിറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ കേട്ടു.

 

അബുദാബിയിലുടനീളം ഉഗ്രസ്ഫോടന ശബ്ദങ്ങൾ മുഴങ്ങി. മൊബൈല്‍ ഫോണുകളില്‍ സുരക്ഷാ സന്ദേശങ്ങള്‍ ലഭിച്ചു.  അബുദാബി കോർണിഷിനു സമീപം  , ഒന്നിനുപിറകെ ഒന്നായി അഞ്ച് സ്ഫോടനങ്ങൾ കേട്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവിടെയാണ് മിസൈല്‍ ചീളുകളേറ്റ് ഏഷ്യക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യക്കാരടക്കം ഏഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്.   

 

യുഎസ് സൈനിക സാന്നിധ്യമുള്ള യുഎഇ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ ഇറാൻ മിസൈലുകളെ വിജയകരമായി തകർത്തതായി അറിയിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾ ഉൾപ്പെടെ മേഖലയിലെ ശത്രുക്കൾക്ക് നേരെ ശക്തമായ ആക്രമണം നടത്തിയതായും ലക്ഷ്യം കാണുന്നതുവരെ ഇത് തുടരുമെന്നും ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. 

ENGLISH SUMMARY:

US Iran conflict escalated with a joint US-Israel attack on Iran, prompting retaliatory missile strikes from Iran towards the Gulf region. This significant geopolitical tension has led to widespread global concern and has been condemned by various international leaders.