Untitled design - 1

തെക്കൻ ഇറാനിലെ ഹോർമുസ്ഗാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പെണ്‍കുഞ്ഞുങ്ങള്‍. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളാണിതെന്ന് ഇറാൻ്റെ ഫാർസ് (Fars) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്കൂള്‍ തകര്‍ന്നടിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിന് നേരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. ഇസ്രയേല്‍, യുഎസ് സംയുക്ത ആക്രമണത്തിന് തിരിച്ചടി നല്‍കി ഇറാന്റെ ശക്തമായ നീക്കം തുടരുന്നതിനിടെയാണ് ഇറാന് കനത്ത പ്രഹരമായി പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ആക്രമണമുണ്ടായത്. 

ബഹ്റൈന്‍, അബുദാബി, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം തുടരുന്നത്. അബുദാബിയില്‍  ഏഷ്യക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചെന്ന് യുഎഇയും കുവൈത്തും വ്യക്തമാക്കി. 

ഇറാനില്‍ യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ടെഹ്റാനില്‍ മിസൈല്‍ വര്‍ഷമുണ്ടായി. ഇറാന്റെ പരോമന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വസതിക്കു സമീപവും മിസൈല്‍ വീണു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇസ്രയേല്‍, ഇറാഖ്, ഇറാന്‍, ഖത്തര്‍ വ്യോമപാതകള്‍ അടച്ചു. ഇറാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 

യുദ്ധത്തിന് എപ്പിക് ഫ്യൂറി എന്നാണ് പേരെന്ന് യുഎസും ലയണ്‍ റോര്‍ എന്നാണ് പേരെന്ന് നെതന്യാഹുവും വ്യക്തമാക്കി. ഇറാന്‍റെ നേവിയെയും മിസൈല്‍ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം ദിവസങ്ങള്‍ നീളുമെന്നാണ് യുഎസിന്‍റെ മുന്നറിയിപ്പ്. ഭീകരവാദ ഭരണകൂടത്തെ നീക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു പറയുമ്പോഴും ഇറാനില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതില്‍ ലോകത്താകമാനം പ്രതിഷേധം കനക്കുകയാണ്. 

ENGLISH SUMMARY:

Forty young girls were killed in an Israeli attack on a primary school in Minaab city, southern Iran, according to reports from Iran's Fars news agency. This devastating incident occurred amidst escalating tensions and retaliatory actions between Iran and Israel, with further attacks reported on Tehran and US military bases.