അധിക ഇറക്കുമതി തീരുവ ചുമത്തിയ തീരുമാനം യു.എസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രഖ്യാപിച്ച 10 ശതമാനം ആഗോള തീരുവ 15 ശതമാനമായി ഉയര്‍ത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷമായ വിമര്‍ശനം തുടര്‍ന്ന ട്രംപ് നിയമപ്രകാരം പുതിയ തീരുവകള്‍ വരുമെന്നും പ്രഖ്യാപിച്ചു. യു.എസ് താല്‍പര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് ട്രംപ് ചുമത്തിയ അധിക തീരുവകള്‍ നിയമവിരുദ്ധമാണെന്ന് ഇന്നലെയാണ് സുപ്രീം കോടതി വിധിച്ചത്.  പ്രത്യേക അധികാരം പ്രയോഗിക്കുമ്പോള്‍ യു.എസ് കോണ്‍ഗ്രസ് അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇത് മറികടക്കാനാണ്  മറ്റ് നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് ട്രംപ് ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചത്

 

Also Read: പകരം തീരുവകള്‍ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ; താരിഫില്‍ ട്രംപിന് തിരിച്ചടി

പകരം തീരുവയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ പകരം തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. ട്രംപ് അധികാര പരിധി ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. രാജ്യത്തിന് അപമാനമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും, നേരിടാന്‍ മറുപദ്ധതിയുണ്ടെന്നും ട്രംപ് പ്രതികരിച്ചു.

 

ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും സുപ്രധാനമായ താരിഫ് നയത്തിനാണ് കീഴ്ക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും തിരിച്ചടി നേരിട്ടിരിക്കുന്നത്. 1977-ലെ രാജ്യാന്തര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് തീരുവ ചുമത്താനുള്ള ട്രംപിന്റെ നടപടി, അധികാരപരിധി ലംഘിച്ചതാണെന്ന കീഴ്ക്കോടതി വിധി മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്ക് സുപ്രീം കോടതി ശരിവച്ചു. തീരുവകൾ ഏകപക്ഷീയമായി ചുമത്തുന്നതിന് ട്രംപ് ഈ നിയമം ഉപയോഗിച്ചതിനെതിരെ, തീരുവ മൂലം നഷ്ടം നേരിട്ട വ്യവസായ സ്ഥാപനങ്ങളും ഡമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 യുഎസ് സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് വിധി. അധികാരമേറ്റതിന് പിന്നാലെ 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ, യുഎസിലേക്ക് ലഹരിക്കടത്ത് നടത്തുന്നത് ദേശീയ അടിയന്തരാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐ.ഇ.ഇ.പി.എ നിയമം ഉപയോഗിച്ച് താരിഫ് ഏർപ്പെടുത്തിത്തുടങ്ങിയത്. യുഎസ് ഭരണഘടനയനുസരിച്ച്, നികുതികളും തീരുവകളും ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, കോൺഗ്രസിനാണ്.

 

എന്നാൽ കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുവ ചുമത്താൻ ട്രംപ് ഐഇഇപിഎ നിയമം ഉപയോഗിക്കുകയായിരുന്നു. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. തീരുവകളിലൂടെ 175 ബില്യൺ ഡോളറിലധികം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ തുക തിരിച്ചുനല്‍കുന്ന കാര്യത്തില്‍ കീഴ്കോടതി തീരുമാനമെടുക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡിസംബർ 14-നു ശേഷം തീരുവ പിരിവിന്റെ കണക്കുകൾ ട്രംപ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

 

നവംബറിൽ സുപ്രീം കോടതി കേസിൽ വാദം കേട്ടതിന് ശേഷം, തീരുവകൾക്കെതിരെ വിധിയുണ്ടായാൽ ബദൽ മാർഗങ്ങൾ പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തീരുവകൾ യുഎസിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അവയില്ലെങ്കിൽ രാജ്യം നശിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാദം.  ട്രംപിന്റെ തീരുവകൾ പരമാവധി നിലനിർത്താൻ മറ്റ് നിയമപരമായ വഴികള്‍ കണ്ടെത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും അന്ന് പറ​​ഞ്ഞിരുന്നു. അതേസമയം, ഇന്ത്യ–യുഎസ് കരാര്‍ അംഗീകരിക്കപ്പെട്ടതിനാല്‍ ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ 18 ശതമാനം തീരുവ റദ്ദാക്കപ്പെടില്ലെന്നാണ് സൂചന.

 

അതേസമയം, ഡോണള്‍ഡ് ട്രംപ് അനിയന്ത്രിതമായി ഉയര്‍ത്തിയ തീരുവ നിയമപരമല്ലെന്ന യു.എസ്. സുപ്രീംകോടതി ഉത്തരവ് പരിശോധിച്ചു വരികയാണെന്ന് ഇന്ത്യ. 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള

ട്രംപിന്‍റെ പ്രഖ്യാപനവും പരിണത ഫലങ്ങളും വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തീരുവയില്‍ മാറ്റം വന്നതോടെ വ്യാപാര കരാറിലടക്കം ഇന്ത്യ എന്തുനിലപാട് സ്വീകരിക്കും എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 

ധാരണയില്‍ എത്തിയ കരാര്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 18 ശതമാനം തീരുവ നല്‍കണം. അത് തുടരുമെന്ന സൂചന ഡോണള്‍ഡ് ട്രംപ് ഇന്നലെ നല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ

സാഹചര്യത്തില്‍ തീരുവ കുറയ്ക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടേക്കും. തിങ്കളാഴ്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം യു.എസില്‍ എത്തും

ENGLISH SUMMARY:

US tariffs will be increased to 15% as President Donald Trump will not compromise US interests. This decision follows the US Supreme Court's overturning of an earlier decision to impose additional import duties, with Trump vowing to implement new tariffs through legal means.