Image; X
ഗെയിമിങ് കണ്‍സോള്‍ മാതാപിതാക്കള്‍ എടുത്തുമാറ്റിയതിന്റെ പേരില്‍ 11കാരനായ ദത്തുപുത്രന്‍ പിതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പെന്‍സില്‍വാനിയയിലാണ് സംഭവം. കുറ്റത്തിന്റെ തീവ്രത കണക്കിലെടുത്ത് ക്ലൈട്ടന്‍ ഡയെറ്റ്സിന് വയസില്‍ ഇളവ് നല്‍കാതെ വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു.
പിതാവിനെ കൊലപ്പെടുത്തിയ 11കാരനെ കൈവിലങ്ങണിയിച്ചാണ് വിചാരണയ്ക്കായി കോടതിയിലെത്തിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പിലും യാതൊരു കൂസലുമില്ലാതെയാണ് ക്ലൈട്ടന്‍ ഡയെറ്റ്സ് എന്ന കുട്ടിക്കുറ്റവാളിയെ കാണാനായത്. ജനുവരി 13ന് ക്ലൈട്ടന്റെ ജന്‍മദിനത്തിലാണ് പിതാവ് ഡഗ്ലസ് ഡയെറ്റ്സിനെ വെടിവച്ചു കൊലപ്പെടുത്തിയത്. വിഡിയോ ഗെയിമിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പിന്നാലെ പിതാവ് ഉറങ്ങുന്ന സമയത്താണ് ക്ലൈട്ടന്‍ തോക്കെടുത്ത് വെടിവച്ചത്.
മകന് ജന്‍മദിനാശംസ നേര്‍ന്ന് മാതാപിതാക്കള്‍ ഉറങ്ങാന്‍ പോയ ശേഷമാണ് ക്ലൈറ്റന്‍ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. വെടിയൊച്ച കേട്ട് ഉണര്‍ന്ന അമ്മ ഭര്‍ത്താവിനെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് തലയില്‍ നിന്നും രക്തം വാര്‍ന്നുപോകുന്നത് ശ്രദ്ധിച്ചത്. താന്‍ പിതാവിനെ കൊലപ്പെടുത്തിയെന്നും സ്വയം വെറുക്കുന്നുവെന്നും കുട്ടി അമ്മയോട് പറഞ്ഞു.
പകല്‍ മൊത്തം സന്തോഷവാനായിരുന്നുവെന്നും ഗെയിമിങ് കണ്‍സോള്‍ എടുത്തുമാറ്റിയതു കൊണ്ടാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. കുറ്റത്തിന്റെ തീവ്രത കണക്കിലെടുത്ത് കേസില്‍ ഇളവ് നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി കേട്ടു. കുറ്റം തെളിഞ്ഞാല്‍ കഠിനമായ ശിക്ഷ തന്നെ ലഭിക്കാനാണ് സാധ്യത. അതേസമയം കുട്ടിയുടെ മാനസിക വളര്‍ച്ചയും കുടുംബപരിസരങ്ങളും പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ഡഗ്ലസ്– ജിലിയന്‍ ഡയെറ്റ്സ് ദമ്പതികള്‍ 2018ലാണ് ക്ലൈറ്റ്സിനെ ദത്തെടുത്തത്.