Image Credit: AFP (Lfet), X (right)

പാക്കിസ്ഥാന്‍ പട്ടാള മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ ജര്‍മനിയിലെ മ്യൂണിച്ചില്‍ തടഞ്ഞു. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മുനീറിനോട് ഐഡന്‍റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെ തിരിഞ്ഞ് നിന്ന് ബാഡ്ജ് കാണിക്കുന്ന മുനീറിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

കോണ്‍ഫറന്‍സ് ഹാളിലേക്ക് അസിം മുനീര്‍ കടക്കാന‍് തയാറെടുക്കുമ്പോഴാണ് കവാടത്തില്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പേര് എഴുതിയിരിക്കുന്ന ബാഡ്ജില്‍ തട്ടിയ ശേഷം ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടത്. മുന്നോട്ട് വച്ച ചുവടില്‍ നിന്നും തിരിഞ്ഞ് കാര്‍ഡ് കാണിച്ച ശേഷമാണ് മുനീര്‍ അകത്തേക്ക് കയറിയത്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ ഐഡി കാര്‍ഡ് കാണിക്കണമെന്നാണ്  പ്രോട്ടോക്കോള്‍ എന്നാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, പാക് സൈനിക മേധാവിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് ചിലര്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചിട്ടുണ്ട്.  'മുനീറിനെ ഒരാള്‍ക്കും അറിഞ്ഞുകൂട, രാജ്യാന്തര വേദിയിലെത്തുമ്പോള്‍ നോക്കൂ, ഗേറ്റ് കീപ്പറോട് വരെ താന്‍ ആരാണെന്ന് സ്വയം പറയേണ്ട ഗതികേടാണ്' എന്നായിരുന്നു മുന്‍ പാക്കിസ്ഥാനി സൈനിക ഓഫിസര്‍ ആദില്‍ രാജയുടെ പ്രതികരണം. എന്നാല്‍ വിവാദമാക്കേണ്ടതില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്തുവെന്നുമാണ് മറ്റുള്ള കമന്‍റുകള്‍.

അതിനിടെ ജര്‍മനിയിലുള്ള സിന്ധി രാഷ്ട്രീയ സംഘടനയായ ജെയ് സിന്ധ് മുത്തഹിത മഹസ്, അസിം മുനീറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. വേദിക്ക് പുറത്ത് ജെഎസ്എംഎം അംഗങ്ങള്‍ പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാജ്യാന്തര സമാധാനം നിലനിര്‍ത്തേണ്ടത് സംബന്ധിച്ച  ചര്‍ച്ചകള്‍ക്കായും പ്രശ്നപരിഹാരത്തിനായും എല്ലാവര്‍ഷവും ലോക നേതാക്കള്‍, നയതന്ത്രജ്ഞര്‍, സുരക്ഷാകാര്യ വിദഗ്ധര്‍ തുടങ്ങിയവര്‍ മ്യൂണിച്ചില്‍ സമ്മേളിക്കുകയും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യാറുണ്ട്. 

ENGLISH SUMMARY:

A video showing Pakistan Army Chief General Asim Munir being stopped by a female security official at the Munich Security Conference in Germany has gone viral. The security officer is seen asking Munir to properly display his ID badge before entering the conference hall. The incident occurred while the Army Chief was attending the prestigious annual event, which hosts global leaders and security experts. Simultaneously, members of the Jeay Sindh Muttahida Mahaz (JSMM) held protests outside the venue against human rights violations in Pakistan. The viral clip has sparked mixed reactions online, highlighting the strict security protocols at international diplomatic summits. Munich Security Conference remains a key platform for high-level discussions on global peace and security