Image Credit:AP (Right), AI Image (Left)

അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നാണ് തന്‍റെയും ഉറച്ച വിശ്വാസമെന്ന് മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ. എന്നാല്‍ ഏരിയ 51 ല്‍അന്യഗ്രഹ പേടകമുണ്ടെന്നും അവിടെ അന്യഗ്രഹ ജീവികളുണ്ടെന്നുമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ അദ്ദേഹം തള്ളി. മാധ്യമപ്രവര്‍ത്തകനായ ബ്രിയന്‍ ടെയ്​ലര്‍ കോഹന് നല്‍കിയ അഭിമുഖത്തിലാണ് യുഎഫ്ഒകളെ കുറിച്ചും മനുഷ്യേതര ഇന്‍റലിജന്‍സ് വിഭാഗങ്ങളെ കുറിച്ചുമെല്ലാം ഒബാമ മനസുതുറന്നത്. അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്നായിരുന്നു ഒബാമയുടെ മറുപടി. പക്ഷേ താന്‍ അവയെ കണ്ടിട്ടില്ലെന്നും ഒബാമ വ്യക്തമാക്കി. 

'അവരെ ഏരിയ 51 ല്‍ പാര്‍പ്പിച്ചിട്ടില്ല. അങ്ങനെ ഒരു ഭൂഗര്‍ഭ സംവിധാനവും അവിടെയില്ല' ഒബാമ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇത്ര വ്യക്തവും കൃത്യവുമായി അന്യഗ്രഹ ജീവികളെ കുറിച്ച് ഒബാമ സംസാരിക്കുന്നത്. താന്‍ പ്രസിഡന്‍റായിരുന്ന കാലയളവിലൊന്നും അന്യഗ്രഹ ജീവികളെ ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അമേരിക്കന്‍ എയര്‍ ഫോഴ്സിന്‍റെ നെവാഡയിലെ അതീവ സുരക്ഷാമേഖലയാണ് ഏരിയ 51. ഇവിടെ അന്യഗ്രഹ പേടകം സൂക്ഷിച്ചിട്ടുണ്ടെന്നും 1947 ലെ റോസ്വെല്‍ സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂക്ഷിച്ചിരിക്കുകയാണെന്നും തുടങ്ങി അതിദുരൂഹമായ റിപ്പോര്‍ട്ടുകള്‍ മുന്‍പ് പ്രചരിച്ചിട്ടുണ്ട്. അതിവേഗത്തില്‍ ആകാശത്തിലൂടെ പോകുന്ന വസ്തുക്കളെ കണ്ടിട്ടുണ്ടെന്നും അതിന്‍റെ വിഡിയോകള്‍ കൈവശമുണ്ടെന്നും അമേരിക്കന്‍ നേവി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് അന്യഗ്രഹ ജീവികളുടേതാണെന്ന വാദം തള്ളിയിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വസ്തുക്കള്‍ എന്ന് മാത്രമാണ് നേവി ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

വിഡിയോ ഫുട്ടേജുകള്‍ സത്യമാണെന്ന് ഒബാമ നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും എന്താണ് അതിന് പിന്നിലെ യഥാര്‍ഥ വസ്തുതയെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഭൂമിക്കപ്പുറം ജീവനുണ്ടെന്ന വാദങ്ങള്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞ ഒബാമ പക്ഷേ അന്യഗ്ര ജീവികളെ അമേരിക്ക തടവില്‍ പാര്‍പ്പിക്കുന്നുവെന്നും അന്യഗ്രഹ പേടകം ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കെട്ടുകഥകളാണെന്നാണ് വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Former US President Barack Obama has shared his intriguing perspective on extraterrestrial life, stating his firm belief that aliens exist. In an interview with journalist Brian Tyler Cohen, Obama clarified that while he believes in life beyond Earth, he has never personally encountered aliens. He explicitly debunked long-standing conspiracy theories suggesting that aliens or spacecraft are hidden in underground bunkers at Area 51 in Nevada. Obama noted that during his presidency, he investigated such claims but found no evidence of alien captives or recovered alien technology. While acknowledging the reality of Unidentified Aerial Phenomena (UAPs) captured in Navy footage, he maintained that their origin remains unexplained. This statement marks one of his most direct comments on non-human intelligence since leaving office