മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ ദേശീയ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയും ജമാഅത്തെ ഇസ്ലാമിയെ പരാജയപ്പെടുത്തുകയും ചെയ്ത ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ വിജയം നേടി. എന്നാല്‍ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് തീവ്രവാദികളുടെ തിരിച്ചുവരവാണ് ഇപ്പോള്‍ വാർത്തകളിൽ ഇടം നേടിയത്. അവരില്‍ രണ്ടുപേര്‍ വിജയിച്ച താരിഖ് റഹ്മാന്റെ ബിഎൻപിയില്‍ നിന്നുള്ളവരും ഒരാള്‍ പരാജയപ്പെട്ട ജമാഅത്തെ ഇസ്ലാമിയിൽ നിന്നുള്ളതുമാണ്.
2024-ലെ കലാപത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നാടുകടത്താൻ നിർബന്ധിതയാക്കി അധികാരത്തിൽ വന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്ത് ജയില്‍ മോചിതരാക്കിയ മൂന്ന് ഭീകരരാണ് ഈ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്. രാഷ്ട്രീയ കലാപങ്ങള്‍ക്ക് മുന്‍പ് ഈ മൂന്നുപേരും ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ ഇന്ത്യാ വിരുദ്ധ ഭീകര പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു.
മൂന്നുപേരില്‍ ഏറ്റവും അറിയപ്പെടുന്ന ആളാണ് ബിഎൻപിയിലെ ലുത്ഫോസ്സമാൻ ബാബർ. ഫെബ്രുവരി 12-ലെ തിരഞ്ഞെടുപ്പിൽ 160,000-ത്തിലധികം വോട്ടുകൾക്കാണ് ബാബര്‍ വിജയിച്ചത്. ബിഎൻപി-ജമാഅത്ത് സഖ്യം അധികാരത്തിലിരുന്ന 2001 മുതൽ 2006 വരെ ഖാലിദ സിയ സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു ബാബർ. കുറഞ്ഞത് 23 പേർ കൊല്ലപ്പെടുകയും 500-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത 2004-ലെ ധാക്ക ഗ്രനേഡ് ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014ല്‍ ബാബറിനെ വധശിക്ഷ വിധിച്ചിരുന്നു. ഷെയ്ഖ് ഹസീനയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 2018-ൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ കലാപകാരികൾക്കായി 10 ട്രക്ക് ലോഡ് ആയുധങ്ങൾ കണ്ടുകെട്ടിയ ചിറ്റഗോങ് ആയുധക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് മറ്റൊരു വധശിക്ഷ കൂടി ഇയാള്‍ക്കെതിരെ വിധിച്ചിരുന്നു. എന്നാല്‍ ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് 2025 ജനുവരിയിൽ ഹൈക്കോടതി ബാബറിനെ കുറ്റവിമുക്തനാക്കി വിട്ടയയ്ക്കുകയായിരുന്നു.
ബിഎൻപിയുടെ മറ്റൊരു നേതാവായ അബ്ദുസ് സലാം പിന്റുവും ഒരു രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പാണ് നടത്തിയത്. ടാൻഗയിൽ -2 സീറ്റിൽ നിന്ന് 200,000 ഓളം വോട്ടുകൾക്കാണ് പിന്റു വിജയം നേടിയത്. 2004 ലെ ധാക്ക ഗ്രനേഡ് ആക്രമണത്തിലെ പങ്കിന് ബാബറിനെപ്പോലെ, പിന്റുവിനെയും 2016 ൽ വധശിക്ഷ വിധിച്ചിരുന്നു. 2006 ലെ വാരണാസി കോടതി ബോംബാക്രമണം, 2007 ലെ അജ്മീർ ഷെരീഫ് ദർഗ ആക്രമണം, 2011 ലെ ഡൽഹി ബോംബാക്രമണം തുടങ്ങി ഇന്ത്യയിൽ വലിയ സ്ഫോടനങ്ങൾ നടത്തിയ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്ലാമി (ഹുജി)യെ പിന്തുണച്ചതിനും പിന്റുവിനെതിരെ കുറ്റം ചുമത്തപ്പെട്ടിരുന്നു. ഹസീനയുടെ പുറത്താക്കലിന് ശേഷം 2025 ഡിസംബർ 24 ന് ബാബറിനെപ്പോലെ കോടതികൾ സലാം പിന്‍റുവിനെയും വിട്ടയച്ചു.
ഈ തിരഞ്ഞെടുപ്പില്‍ ജയിച്ച മൂന്നാമത്തെ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ എ.ടി.എം.അസ്ഹറുൽ ഇസ്ലാം ആണ്. രംഗ്പൂർ -2 ൽ നിന്ന് 1,39,000 വോട്ടുകൾക്കാണ് അസ്ഹറുൽ ഇസ്ലാം വിജയിച്ചത്. 1971 ലെ വിമോചന യുദ്ധത്തിനിടെ 1,256 പേരെ കൊന്നതിനും 13 സ്ത്രീകളെ ബലാല്‍സംഗം ചെയ്തതിനും പാർട്ടിയുടെ സെക്രട്ടറി ജനറലായിരുന്ന അസ്ഹറുൽ ഇസ്ലാം 2012 ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായി. 2014 ൽ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചു. എന്നാല്‍ കഴിഞ്ഞ വർഷം മെയ് 27 ന് ബംഗ്ലാദേശിലെ സുപ്രീം കോടതി അസ്ഹറുൽ ഇസ്ലാമിനെ കുറ്റവിമുക്തനാക്കി.
ബംഗ്ലാദേശ് രാഷ്ട്രീയത്തിലുണ്ടായ വന്‍മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ ഇതിനെ കാണുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് നേതാക്കളും, താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ ജനാധിപത്യത്തിന്‍റെ പവിത്രമായ ഹാളിലേക്ക് ജനപ്രതിനിധികളായി പ്രവേശിക്കും. ഇന്ത്യയ്ക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെങ്കിലും സാമ്പത്തിക യാഥാർത്ഥ്യങ്ങളും പ്രാദേശിക സ്ഥിരത പരിഗണനകളും കണക്കിലെടുത്ത് താരിഖ് റഹ്മാൻ കൂടുതൽ പ്രായോഗികവും നയതന്ത്രപരവും രാഷ്ട്രീയവുമായ സമീപനം സ്വീകരിച്ചേക്കാമെന്നാണ് നയതന്ത്രജ്ഞരുടെ പ്രതീക്ഷ.