തെക്കന്‍ പോര്‍ച്ചുഗലിലെ ഒരു ഹോളിഡേ അപ്പാര്‍ട്മെന്‍റില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മൂന്നുവയസുകാരി മെഡ്‌ലീന്‍ മക്കന്‍റെ പേര്, ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം അമേരിക്കയിലെ ധനകാര്യവിദഗ്ധനും വിവാദ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനിനുമായി ബന്ധപ്പെട്ട കോടതിരേഖകളില്‍ പരാമര്‍ശിക്കപ്പെട്ടത് പുതിയ ചര്‍ച്ചകള്‍ക്കും ദുരൂഹതകള്‍ക്കും വഴി തുറന്നു. എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് പുതുതായി പുറത്തിറങ്ങിയ കോടതി രേഖകളിലാണ് മെഡ്‌ലീന്‍റെ പേര് പരാമര്‍ശിക്കുന്ന സാക്ഷിമൊഴിയുള്ളത്. ഇതേത്തുടര്‍ന്ന് മെഡ്‌ലീന്‍ മക്കന്‍റെ തിരോധാനവും ജെഫ്രി എപ്സ്റ്റീന്‍റെ പങ്കാളിയും അയാളുടെ ലൈംഗിക ഇടപാടുസംഘത്തിന്‍റെ പ്രധാന നടത്തിപ്പുകാരിയുമായിരുന്ന ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലുമായുള്ള ബന്ധത്തെക്കുറിച്ചും സോഷ്യല്‍മീഡിയ ചര്‍ച്ചകള്‍ സജീവമായി.
ലോകത്തു തന്നെ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരോധാനക്കേസുകളിലൊന്നാണ് മഡലീൻ മക്കാന്‍റേത്, ബ്രിട്ടീഷ് പോലീസ് ഇപ്പോഴും ഈ കേസ് ഫയല്‍ അടച്ചിട്ടില്ല. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ തെളിവോ പ്രതിയെയോ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുമില്ല. അതേസമയം ഇപ്പോള്‍ എപ്സ്റ്റീനിന്‍റെ ക്രിമിനൽ സംരംഭവുമായോ മാക്‌സ്‌വെല്ലുമായോ മെഡ്‌ലീനെ ബന്ധിപ്പിക്കുന്ന സ്ഥിരീകരിക്കപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇതുവരെ പുതിയ സാക്ഷിമൊഴിയില്‍ അന്വേഷണസംഘം നടപടികള്‍ തുടങ്ങിയിട്ടുമില്ല.
എപ്‌സ്റ്റൈൻ ഫയലുകളിലെ മെഡ്‌ലീന്‍ മക്കാൻ
ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകളുള്ള നിർണായകമായ രേഖകളില്‍, 2009ലെ ഒരു സ്ത്രീയുടെസാക്ഷിമൊഴിയിലാണ് മെഡ്‌ലീനോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടതായി പരാമര്‍ശമുള്ളത്. ആവര്‍ഷം സെപ്റ്റംബറില്‍ ഒരു തെരുവില്‍ നിന്ന് പ്രധാന റോഡിലേക്ക് നടക്കുമ്പോള്‍ ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലിനോട് സാമ്യമുള്ള ഒരു സ്ത്രീയെയും ചെറിയ പെണ്‍കുട്ടിയെയും കാണാനിടയായി എന്നും ഇവര്‍ക്കൊപ്പം ഒരു മധ്യവയസ്കനും ഉണ്ടായിരുന്നു എന്നും, കുട്ടിയുടെ അടുത്ത് എത്തിയപ്പോള്‍ അവള്‍ക്ക് മെഡ്‌ലീന്‍ മക്കാനുമായി സാമ്യമുള്ളതായി തോന്നിയെന്നുമാണ് സാക്ഷിമൊഴി. തന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്ത്രീ പ്രകോപിതയായതായും പെൺകുട്ടിയെ തിടുക്കത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചതായും ഈ സമയം മുഴുവനും അവര്‍ പെണ്‍കുട്ടിയുടടെ വലതുകണ്ണ് കൈകൊണ്ട് മറച്ചുപിടിച്ചതായുമാണ് മൊഴിയിലുള്ളത്. ഇത് മെഡ്‌ലീന്‍റെ വലത് കണ്ണ് തിരിച്ചറിയാന്‍ സഹായിക്കുന്ന, ഇരുണ്ട അടയാളമുള്ള അപൂർവ നേത്രരോഗം മറച്ചുവയ്ക്കാനാണെന്ന് സംശയിക്കപ്പെട്ടു. പെണ്‍കുട്ടിവീണ്ടും വീണ്ടും തന്നെ നോക്കാന്‍ ശ്രമിച്ചതായും സാക്ഷി മൊഴിയില്‍ പറയുന്നു.
എന്നാല്‍ അന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നും വര്‍ഷങ്ങള്‍ക്കുശേഷം ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സാക്ഷി തന്‍റെ അനുഭവം തുറന്നുപറയാന്‍ തയാറായത്. എന്നാല്‍ എപ്‌സ്റ്റൈൻ ഫയലുകളിലെ സാക്ഷിമൊഴികളുടെയും ഈ-മെയിലുകളുടെയും നിയമപരമായ രേഖകളുടെയും വലിയ ശേഖരത്തില്‍ ഒരൊറ്റ സാക്ഷിമൊഴിയിലാണ് മക്കാന്‍റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മാക്സ്വെല്ലും മക്കാൻ കേസും തമ്മിലുള്ള ബന്ധം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മെഡ്‌ലീന്‍ മക്കാന്‍റെ തിരോധാനം
2007 മെയ് 3-ന് പോർച്ചുഗലിലെ അൽഗാർവ് മേഖലയിലെ പ്രിയ ഡാ ലൂസിലെ ഓഷ്യൻ ക്ലബ് റിസോർട്ടിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മെഡ്‌ലീന്‍ മക്കാൻ എന്ന മൂന്നുവയസുകാരി അപ്രത്യക്ഷയായത്. അവളുടെ മാതാപിതാക്കളായ കേറ്റും ജെറി മക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം മെഡ്‌ലീനും അവളുടെ ഇളയ ഇരട്ട സഹോദരങ്ങളും അപ്പാർട്ട്മെന്‍റില്‍ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള സമുച്ചയത്തിനുള്ളിലെ റെസ്റ്ററന്‍റില്‍ അത്താഴത്തിന് പോയതായിരുന്നു. കേറ്റ് അപ്പാര്‍ട്ട്മെന്‍റില്‍ തിരികെയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസിനെ വിളിക്കുകയും റെസ്റ്ററന്‍റിലെ ജീവനക്കാരെയും അതിഥികളെയും രാത്രി മുഴുവൻ ചോദ്യം ചെയ്യുകയും തിരച്ചിൽ നടത്തുകയും ചെയ്തു. അതിർത്തികളില്‍ അധികൃതരെയും എയർപോർട്ട് ജീവനക്കാരെയും ജാഗരൂകരാക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ സന്നദ്ധപ്രവർത്തകർ തിരച്ചിലിൽ ചേരുകയും ചെയ്തു.
മെഡലീനെ തട്ടിക്കൊണ്ടുപോയെന്നും പോർച്ചുഗലിൽ ജീവിച്ചിരിപ്പുണ്ടെന്നും പോർച്ചുഗീസ് പോലീസ് ആദ്യം പറഞ്ഞു. അവൾ അപ്രത്യക്ഷയായ രാത്രിയിൽ ഒരു കുട്ടിയെ ചുമന്നുകൊണ്ടുപോകുന്നതായി കണ്ടതായും മൊഴിയുണ്ടായി. വര്‍ഷങ്ങള്‍ പിന്നെയും കടന്ന്പോയതോടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള, കുട്ടികളുടെ തിരോധാന കേസായി അന്വേഷണം വളർന്നു. പക്ഷേ ഇപ്പോഴും ആ രാത്രി എന്ത് സംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരവും മക്കാന്‍ എന്ന പെണ്‍കുട്ടിയും കാണാമറയത്ത് തന്നെ തുടരുന്നു.