Image Credit: X@MarioNawfal

Image Credit: X@MarioNawfal

യുഎഇ നയതന്ത്രജ്ഞ ഹിന്ദ് അല്‍–ഒവൈസിയും ലൈംഗിക കുറ്റവാളി ജെഫ്രി എപസ്റ്റീനും തമ്മിലുള്ള ഇ–മെയില്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീകളുമായുള്ള കൂടിക്കാഴ്ചയെ പറ്റി സംസാരിക്കുന്നതും സ്വന്തം സഹോദരിയെ പറ്റി പറയുന്നതുമായി ഭാഗങ്ങളാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലുള്ളത്. 

യുഎഇയിലെ പ്രമുഖ നയതന്ത്രജ്ഞയും നിലവിൽ യുഎഇ പെർമനന്റ് കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (പിസിഎച്ച്ആർ) ഡയറക്ടറുമാണ് അൽ-ഒവൈസ്. 2011 നും 2012 നും ഇടയില്‍ 469 ഇ–മെയില്‍ സന്ദേശങ്ങളാണ് ഇരുവപും കൈമാറിയത്. എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചയെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തുന്നതുമായ വിവരങ്ങളാണ് ഇ–മെയിലിലുള്ളതെന്ന് മണികള്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. 

''ഒരു പെണ്‍കുട്ടിയെ തന്നെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. അപ്പോള്‍ രണ്ടു പെണ്‍കുട്ടികളെന്നത് വെല്ലുവിളി തന്നെയാണ്'' എന്നാണ് 2012 ജനുവരിയില്‍ അയച്ച ഒരു ഇ–മെയിലില്‍ പറയുന്നത്.  11 മണിയോടെ അവര്‍ക്ക് എത്താന്‍ പറ്റുമോ എന്നാണ് എപ്സ്റ്റീന്‍ ഇതിന് മറുപടി നല്‍കുന്നത്. മറ്റൊരു മെസേജില്‍ സഹോദരിയെ പരിചയപ്പെടുത്തുന്നതിനെ പറ്റിയും അൽ-ഒവൈസ് സംസാരിക്കുന്നുണ്ട്. 

''നിങ്ങളെ കാണുന്നതിലും എന്‍റെ സഹോദരിയെ പരിചയപ്പെടുത്തുന്നതിലും ഞാന്‍ ആവേശത്തിലാണ്. അവള്‍ എന്നേക്കാളും സുന്ദരിയാണ്!'' എന്നാണ് സന്ദേശം. തുടര്‍ സന്ദേശം ഇങ്ങനെ, ''എന്‍റെ സഹോദരി ഇവിടെയുണ്ട്. നിങ്ങളെ പറ്റി ഒരുപാട് കാര്യങ്ങള്‍ അവളോട് പറഞ്ഞിട്ടുണ്ട്. എനിക്ക് അവള്‍ നിങ്ങളെ കാണണമെന്നുണ്ട്. എപ്പോഴാണെന്ന് അറിയിക്കൂ''. 

എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരമാണ് യു.എസ് നീതിന്യായ വകുപ്പ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്. 60 ലക്ഷത്തിലേറെ ഫയലുകളാണ് എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് അധികൃതര്‍ ശേഖരിച്ചത്. ഇതില്‍ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും മറച്ച പകുതിയോളം ഫയലുകളാണു പുറത്തുവിട്ടത്. ലൈംഗിക കുറ്റത്തിന് ജയിലിലായ എപ്സ്റ്റീന്‍ 2019-ൽ ജയിലിൽവച്ചാണ് ആത്മഹത്യ ചെയ്തത്.