ബലൂചിസ്ഥാനില്‍ ബലോച് ലിബറേഷന്‍ ആര്‍മിക്കെതിരായ സൈനികനടപടിയില്‍ കുറഞ്ഞത് 216 പേര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ സൈന്യം. ‘ഓപ്പറേഷന്‍ റദ്ദുല്‍–ഫിത്ന’ എന്ന പേരില്‍  വിമതര്‍ക്കെതിരെ നടത്തിയ നീക്കം അവസാനിച്ചെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 36 സാധാരണക്കാരും 22 സുരക്ഷാഭടന്മാരും ഉള്‍പ്പെടുന്നു.

‘ഓപ്പറേഷന്‍ ഹെറോഫ്’ എന്ന പേരില്‍ ബലോച് ലിബറേഷന്‍ ആര്‍മി ജനുവരി 31 മുതല്‍ നടത്തിയ ശക്തമായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് പാക്കിസ്ഥാന്‍ സൈന്യം ‘ഓപ്പറേഷന്‍ റദ്ദുല്‍–ഫിത്ന’ ആരംഭിച്ചത്. ബിഎല്‍എ നടത്തിയ സംഘടിത ആക്രമണങ്ങളില്‍ സൈന്യത്തിനും പൊലീസിനും വലിയ നാശമുണ്ടായിരുന്നു. പഞ്ച്ഗുര്‍, ഹര്‍നായ് തുടങ്ങിയ മേഖലകളില്‍ നിന്നാണ് സൈന്യം തിരിച്ചടിച്ചത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും വരെ ഉപയോഗിച്ചായിരുന്നു ആക്രമണം.

‘കൃത്യമായ ഇന്‍റലിജന്‍സ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തി, ആസൂത്രിതമായാണ് ‘ഭീകരരെ’ നേരിട്ടത്’ എന്നാണ് ഇന്‍റര്‍ സര്‍വീസ് പബ്ലിഷ് റിലേഷന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയാണ് ബലൂചിസ്ഥാന്‍ വിമതരെ പിന്തുണയ്ക്കുന്നതെന്ന ആരോപണം ഐ.എസ്.പി.ആര്‍ വീണ്ടും ഉന്നയിച്ചു. ബലൂചിസ്ഥാന്‍റെ വിശാലമായ ഭൂപ്രകൃതിയും ബിഎല്‍എയുടെ പക്കല്‍ അത്യാധുനിക ആയുധങ്ങള്‍ ഉള്ളതും കാരണം പാക് സൈന്യത്തിന് തിരിച്ചടികളുണ്ടായി എന്ന് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കഴിഞ്ഞദിവസം പാക് പാര്‍ലമെന്‍റില്‍ പ്രസ്താവിച്ചിരുന്നു.

‘ഓപ്പറേഷന്‍ ഹെറോഫ്’ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് ബലോച് ലിബറേഷന്‍ ആര്‍മി നേതൃത്വം പ്രസ്താവിച്ചിട്ടുണ്ട്. അത് കണക്കിലെടുത്ത് പാക് സൈന്യം അതീവജാഗ്രതയിലാണ്. ബലൂചിസ്ഥാനില്‍ കഴിഞ്ഞ അ‍ഞ്ചുദിവസമായി ഇന്‍റര്‍നെറ്റ് പൂര്‍ണമായി വിച്ഛേദിച്ചിരിക്കുകയാണ്. പ്രവിശ്യാ അധികൃതര്‍ പ്രധാനപാതകളില്‍ ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The Pakistan Army has concluded its massive military offensive, 'Operation Raad-ul-Fitna,' against the Baloch Liberation Army (BLA) in Balochistan, resulting in at least 216 deaths. The casualties include 36 civilians and 22 security personnel, as per the official ISPR statement. The operation was a counter-strike following BLA's 'Operation Herof,' which targeted military and police installations across Panjgur and Harnai. Using drones and helicopters, the army engaged in intense combat to regain control of volatile regions. Pakistan's Defense Minister Khawaja Asif admitted to significant losses due to BLA's modern weaponry and the province's rugged terrain. Amidst the conflict, the Pakistan government has once again alleged Indian support for Baloch insurgents. With the BLA threatening a second phase of attacks, internet services remain suspended, and key transport routes in Balochistan are shut down. Stay updated on the escalating civil unrest and military developments in Pakistan's restive province. Follow for expert geopolitical analysis and live updates.