ഇറാന്റെ അര്‍ധസൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങളെ ഇറാന്‍ സര്‍ക്കാര്‍ റവല്യൂഷണറി ഗാര്‍ഡിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടപടി. യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാര്‍ ഐകകണ്ഠ്യേന ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ഇ.യു വിദേശനയ വിഭാഗം അധ്യക്ഷനായ കല്ലാസ് അറിയിച്ചു.
പ്രക്ഷോഭകരെ അക്രമാസക്തമായി നേരിട്ടതിന്റെ പേരിൽ റവല്യൂഷണറി ഗാർഡിലെ ഉന്നത കമാൻഡർമാരടക്കം 15 ഇറാനിയൻ ഉദ്യോഗസ്ഥർക്ക് യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ നടപടി. അതേസമയം യൂറോപ്യന്‍ യൂണിയന്റെ നീക്കം നിയമവിരുദ്ധവും നീതീകരിക്കാനാകാത്തതുമാണെന്ന് ഇറാന്‍ പ്രതികരിച്ചു. അപകടകരമായ നീക്കമാണിതെന്നും ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഈ നടപടി ഏറെ താമസിച്ചുപോയെന്നും സ്വന്തം ജനങ്ങളുടെ പ്രതിഷേധങ്ങളെ രക്തത്തില്‍ മുക്കുന്ന ഒരു ഭരണകൂടത്തെ ഭീകരവാദി എന്നുവിളിക്കാമെന്നും യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലേയൻ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 27 അംഗ യൂറോപ്യൻ യൂണിയൻ, ഇറാന്റെ ആഭ്യന്തര മന്ത്രിയും അറ്റോർണി ജനറലും പ്രാദേശിക IRGC കമാൻഡർമാരും ഉൾപ്പെടെയുള്ള 21 സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിസാ നിരോധനവും ആസ്തി മരവിപ്പിക്കലും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ ജനങ്ങൾക്ക് അവരുടെ ഭാവി സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തിരികെ നൽകണമെന്നും, ഇന്റർനെറ്റ് ബ്ലാക്കൗട്ട് അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ–നോയൽ ബറോ പറഞ്ഞു. ഇറാന്റെ പ്രധാന ശത്രുവായ ഇസ്രയേൽ ഈ തീരുമാനത്തെ ‘ചരിത്രാത്മകം’ എന്ന് വിശേഷിപ്പിച്ചു. യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവയുടെ നിലപാടിനൊപ്പം ചേര്‍ന്നാണ് യൂറോപ്യന്‍ യൂണിയനും പുതിയ തീരുമാനത്തിലെത്തിയത്.
പ്രതിഷേധകാലത്ത് ആയിരങ്ങൾ കൊല്ലപ്പെട്ടതായി ഇറാൻ അധികാരികൾ സമ്മതിക്കുന്നുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗവും സുരക്ഷാ സേനാംഗങ്ങളോ കലാപകാരികൾ കൊന്ന ബൈസ്റ്റാൻഡേഴ്സുകളോ ആണെന്നാണ് അവകാശപ്പെടുന്നത്. അതേസമയം പതിനായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. റവലൂഷണറി ഗാർഡുകൾ ഉൾപ്പെടെയുള്ള സുരക്ഷാസേന നേരിട്ട് വെടിവെച്ചാണ് പലരെയും കൊന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.