European Commission President Ursula von der Leyen, left, looks on as Indian Prime Minister Narendra Modi, center, and European Council President Antonio Costa greet each other after reaching free trade agreement between India and EU in New Delhi, India, Tuesday, Jan. 27, 2026. (AP Photo/Manish Swarup)
18 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായത് ഇന്ത്യക്ക് വന്‍ നേട്ടമെന്ന് വിലയിരുത്തല്‍. ഏത് സാഹചര്യത്തിലും ഇന്ത്യക്ക് പണിനല്‍കാന്‍ ഓങ്ങിയിരുന്ന ട്രംപിനാവട്ടെ ഇരുട്ടടിയായി കരാര്‍. ആഢംബര കാറുകള്‍ക്കും വൈന്‍–മദ്യ ഉത്പന്നങ്ങള്‍ക്കും കരാറിലൂടെ വലിയ ആശ്വാസമാകും.
‘എല്ലാ വ്യാപാരക്കരാറുകളുടേയും മാതാവ്’എന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായ ഉഴ്‌സുല വോൺ ഡെർ ലെയൻ ഇന്ത്യ–ഇയു കരാറിനെ വിശേഷിപ്പിച്ചത്. അത്ര മാത്രം നിര്‍ണായകമായ കരാറെന്ന് ചുരുക്കം. ഇന്ത്യക്കു മുന്‍പില്‍ യൂറോപ്യന്‍ വിപണികള്‍ തുറക്കുന്നതോടെ പല ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ കുറയും. അതോടെ കാര്‍ പ്രേമികള്‍ക്ക് ഉള്‍പ്പെടെ ഇനി സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാം. Also Read: ട്രംപിന് മറുപണി; ചരിത്രമായി ഇന്ത്യ–യൂറോപ്യന്‍ വ്യാപാര കരാര്‍; 96% ഉല്‍പന്നങ്ങള്‍ക്കും തീരുവയില്ല
സ്വപ്നവണ്ടികള്‍ സ്വന്തമാക്കാം
കാറുകളിലെ രാജാക്കന്‍മാരായ മെഴ്‌സിഡസ്, ബിഎംഡബ്ല്യു, ഔഡി കാറുകൾക്ക് വില കുറയുമെന്നതാണ് വലിയ പ്രത്യേകത. നിലവില്‍ 100ശതമാനത്തിലധികം തീരുവയാണ് യൂറോപ്യന്‍ ആഡംബര കാറുകള്‍ക്ക് ഇന്ത്യയിലുള്ളത്. പുതിയ കരാര്‍ പ്രകാരം 15,000 യൂറോയിലധികം (ഏകദേശം 16 ലക്ഷം രൂപ) വില വരുന്ന കാറുകൾക്ക് 40 ശതമാനം തീരുവ മാത്രം ഈടാക്കും. ഇത് പിന്നീട് 10 ശതമാനമായി കുറയ്ക്കും. അതോടെ സ്വപ്നവണ്ടികള്‍ വാങ്ങി വീട്ടുമുറ്റത്തിടാന്‍ സാഹചര്യമൊരുങ്ങും. ഈ കാറുകള്‍ക്കെല്ലാം ലക്ഷങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.
പൊതുവേ ഇന്ത്യന്‍ കാര്‍ വിപണി 10 മുതൽ 25 ലക്ഷം രൂപ വരെയുള്ള ചെറിയ കാറുകളെ കേന്ദ്രീകരിച്ചുള്ളതാണ്. ഈ വിഭാഗത്തില്‍ പക്ഷേ യൂറോപ്യന്‍ കമ്പനികള്‍ക്ക് വലിയ താല്‍പര്യമില്ലെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 25 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള കാറുകള്‍ ഇന്ത്യയിലേക്ക് വലിയ തോതില്‍ ഇറക്കുമതി ചെയ്യാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവ ആഭ്യന്തരമായി നിര്‍മിക്കാന്‍ സാധിക്കുമെങ്കിലും ആഭ്യന്തര വാഹന വ്യവസായത്തിന് സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള നടപടികള്‍ക്കേ സാധ്യതയുള്ളൂ.
വൈനിനും മദ്യത്തിനും വിലകുറയും
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൈനും മദ്യത്തിനും വിലകുറയും. നിലവിൽ 150 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുന്ന സാഹചര്യത്തില്‍ നിന്നും കരാര്‍ വഴി 20 ശതമാനം കുറഞ്ഞേക്കും. അതേസമയം തന്നെ ആഭ്യന്തര വിപണിയെ സംരക്ഷിക്കാനായി 5 മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാകും ഇതെല്ലാം നടപ്പാക്കുക.
കോൺയാക്, പ്രീമിയം ജിൻ, വോഡ്ക തുടങ്ങിയവയും ഇന്ത്യയിൽ കൂടുതൽ വിലക്കുറവിൽ ലഭ്യമാകും.
മരുന്നുകളും ചെറിയ വിലയില്‍
കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് വേണ്ടിയുള്ള ഇറക്കുമതി മരുന്നുകൾ ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മെഡിക്കൽ ഉപകരണങ്ങളുടെ വിലകുറയുന്നതോടൊപ്പം ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾക്ക് യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുമുള്ള വിപണി തുറക്കപ്പെടുന്നതും വലിയ നേട്ടമാണ്.
ഇലക്ട്രോണിക്സ്, ഹൈടെക് യന്ത്രങ്ങൾ
വിമാനങ്ങളുടെ സ്പെയർ പാർട്സ്, മൊബൈൽ ഫോണുകൾ, ഹൈടെക് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തീരുവ ഈ കരാറോടെ ഒഴിവാക്കപ്പെടും. ഇന്ത്യയിൽ ഗാഡ്ജറ്റുകളുടെ നിർമ്മാണ ചെലവ് കുറയുന്നതോടെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കും. മൊബൈൽ ഫോണുകളുടെ വിലയിലും വലിയ മാറ്റമുണ്ടായേക്കും.
സ്റ്റീൽ, രാസവസ്തുക്കൾ
ഇരുമ്പ്, സ്റ്റീൽ, രാസവസ്തുക്കൾ എന്നിവയ്ക്ക് പൂജ്യം തീരുവ നിർദ്ദേശിക്കുന്നതും കരാറിന്റെ ഭാഗമാണ്. നിർമാണ മേഖലയിലും വ്യവസായ മേഖലയിലും അസംസ്കൃത വസ്തുക്കളുടെ വില കുറയാൻ സാധ്യതയുണ്ട്. ഇതിന്റെ ഗുണം വീട് വാങ്ങുന്നവർക്കും ലഭിക്കും. വസ്ത്രങ്ങൾ, ലെതർ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണി കൂടുതൽ തുറക്കപ്പെടുന്നതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് ഇത് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം തന്നെ അമേരിക്കയെ ആശ്രയിച്ചുള്ള വ്യാപാരങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ ട്രംപ് ഉയര്‍ത്തുന്ന വെല്ലുവിളികളെ എളുപ്പത്തില്‍ നേരിടാന്‍ സാധിക്കും.