Danish soldiers land at Nuuk airport, January 19, 2026. Mads Claus Rasmussen/Ritzau Scanpix/via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. DENMARK OUT. NO COMMERCIAL OR EDITORIAL SALES IN DENMARK.
ഗ്രീന്‍ലന്‍ഡിനെ ചൊല്ലി അമേരിക്കയും യൂറോപ്പും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ദ്വീപിലെ പ്രതിരോധ കേന്ദ്രത്തിലേക്ക് സൈനിക വിമാനം വിന്യസിച്ച് ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡിലുള്ള പിറ്റുഫിക് സ്പേസ് ബേസില്‍ ഉടന്‍ വിമാനമെത്തുമെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡാണ് വിന്യാസം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനെന്ന പേരിലാണ് സൈനിക വിമാനം എത്തിക്കുന്നത്. കാനഡയും ഡെന്‍മാര്‍ക്കുമായുള്ള പ്രതിരോധ സഹകരണ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്നും സമൂഹ മാധ്യമ പോസ്റ്റില്‍ പറയുന്നു. ഡെന്‍മാര്‍ക്കിന്‍റെ കൂടി സഹകരണത്തോടെയാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക. നടപടി ഗ്രീന്‍ലന്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. അലാസ്ക, കാനഡ, യുഎസിന്‍റെ ദ്വീപ് ഭാഗങ്ങള്‍ എന്നിവയടങ്ങുന്ന NORAD പ്രദേശത്തിന്‍റെ സുരക്ഷയ്ക്ക് ഇത് അത്യാവശ്യമാണെന്ന് കുറിപ്പില്‍ പറയുന്നു.
US President Donald Trump gestures as he boards Air Force One at Joint Base Andrews, Maryland on January 13, 2026, as he travels to Detroit, Michigan. (Photo by Mandel NGAN / AFP)
അതേസമയം, ഏത് സമയത്താകും വിമാനം എത്തുകയെന്ന് ഗ്രീന്‍ലന്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സൈന്യം മൗനം തുടകുകയുമാണ്. പക്ഷേ ഗ്രീന്‍ലന്‍ഡിന് മേലുള്ള ട്രംപിന്‍റെ അവകാശവാദം തുടരുന്നതിനാല്‍ സൈനിക വിമാനത്തിന്‍റെ വിന്യാസം ലോകശ്രദ്ധയും ആകര്‍ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗ്രീന്‍ലന്‍ഡ് മോഹത്തെ എതിര്‍ത്തതിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് അധികം തീരുവ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്ന് മുതല്‍ ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യു.കെ., നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ നിലവിലുള്ള ഇറക്കുമതി തീരുവയ്ക്ക് പുറമെ 10 ശതമാനം അധികം നല്‍കണം. ജൂണോടെ ഇത് 25 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നും ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകുന്നത് വരെ അധികത്തീരുവ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ ,രാജ്യം വില്‍ക്കാന്‍ വച്ചിട്ടില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവനകളോട് ഗ്രീന്‍ലന്‍ഡിന്‍റെയും ഡെന്‍മാര്‍ക്കിന്‍റെയും പ്രതികരണം. സഖ്യരാജ്യങ്ങളുടെ പോലും പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്ന അമേരിക്കന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. ട്രംപ് തീരുവ കൂട്ടിയാലും യൂറോപ്പ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കമ്മിഷന്‍ തുറന്നടിച്ചിരുന്നു. സഖ്യകക്ഷികളോട് പ്രതികാരപൂര്‍വം പെരുമാറുന്ന ട്രംപിന്‍റെ നടപടി ബന്ധങ്ങള്‍ ശിഥിലമാക്കുമെന്നായിരുന്നു ബ്രിട്ടന്‍റെ പ്രതികരണം.
കാനഡയുടെ വടക്കു കിഴക്കന്‍ തീരത്ത് മൂന്നില്‍ രണ്ട് ഭാഗവും ആര്‍ട്ടിക്കിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. ഡെന്‍മാര്‍ക്കിന് കീഴില്‍ സ്വയംഭരണാവകാശമുള്ള പ്രദേശം. ധാതുക്കളാല്‍ സമ്പുഷ്ടം. 56,000ത്തോളം വരുന്ന ഇന്യൂറ്റ് ജനതയുടെ മണ്ണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഈ ദ്വീപിലേക്കാണ്.
1951 ല്‍ യുഎസും ഡെന്‍മാര്‍ക്കുമായി ഉണ്ടാക്കിയ പ്രതിരോധ കരാര്‍ പ്രകാരം വടക്കുപടിഞ്ഞാറന്‍ ഗ്രീന്‍ലന്‍ഡിലെ പിറ്റുഫിക് സ്‌പേസ് ബേസിന്‍റെ നിയന്ത്രണം യുഎസ് പ്രതിരോധ വകുപ്പ് ഏറ്റെടുത്തിരുന്നു. മിസൈല്‍ മുന്നറിയിപ്പ്, മിസൈല്‍ പ്രതിരോധം, യുഎസിനും നാറ്റോയ്ക്കുമുള്ള ആകാശ നിരീക്ഷണം എന്നിവയാണ് ഇവിടെ നടക്കുന്നത്. ഇതിനുപുറമെ യുകെയുടെയും ഐസ്‍ലന്‍ഡിന്റെയും സുരക്ഷയും ഉറപ്പുവരുത്തുന്നു. വടക്കന്‍ അറ്റ്‌ലാന്‍റിക്കിലെ റഷ്യന്‍ നാവിക വിന്യാസം നാറ്റോ നിരീക്ഷിക്കുന്നതും ഗ്രീന്‍ലന്‍ഡില്‍ നിന്നാണ്.
ഗ്രീന്‍ലന്‍ഡ് യുഎസിന് വേണമെന്നതിന് പിന്നില്‍ ട്രംപിന്‍റെ ആവശ്യങ്ങള്‍ രണ്ടാണ്. ഒന്ന് ഗ്രീന്‍ലന്‍ഡിലെ റെയര്‍ എര്‍ത്ത് ധാതുക്കള്‍, രണ്ട് ലോക പൊലീസ് കളി വിപുലപ്പെടുത്തല്‍. 2023ല്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായക അസംസ്‌കൃത വസ്തുക്കളെന്ന് വിലയിരുത്തിയ 34 ധാതുക്കളില്‍ 25 എണ്ണവും ഗ്രീന്‍ലന്‍ഡില്‍ ആവോളമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയവും ഗ്രാഫൈറ്റും ഇക്കൂട്ടത്തില്‍പ്പെടും. മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍, ബാറ്ററികള്‍ തുടങ്ങി ഹൈടെക് ഉപകരണങ്ങള്‍ വരെ നിര്‍മിക്കുന്നതിന് റെയര്‍ എര്‍ത്ത് മിനറല്‍സ് അത്യാവശ്യമാണ്. നിലവില്‍ ഇത് ചൈനയുടെ കുത്തകയാണ്.
ഗ്രീന്‍ലന്‍ഡ് കൈവശമെത്തിയാല്‍ വിപണിയിലെ ചൈനീസ് ആധിപത്യം തകര്‍ക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഗ്രീന്‍ലന്‍ഡിലെ ദുര്‍ഘട കാലാവസ്ഥയിലും ദുര്‍ബല പരിസ്ഥിതിയിലും റെയര്‍ എര്‍ത്ത് മിനറലുകള്‍ സംസ്‌കരിക്കുക ഒട്ടും എളുപ്പമല്ല. റെയര്‍ എര്‍ത്ത് മിനറല്‍സിന് പുറമെ ഗ്രീന്‍ലന്‍ഡില്‍ വന്‍തോതില്‍ വാതക-ഇന്ധന സമ്പത്തുമുണ്ട്. പക്ഷേ പാരിസ്ഥിതിക കാരണങ്ങളാല്‍ എണ്ണ, പ്രകൃതിവാതക ഖനനം ഗ്രീന്‍ലന്‍ഡ് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും ഗ്രീന്‍ലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയുടെ 95 ശതമാനവും മല്‍സ്യബന്ധനത്തെയും അനുബന്ധമേഖലകളെയും ആശ്രയിച്ചാണ്.
1953ലാണ് നിയമപരമായി ഗ്രീന്‍ലന്‍ഡ് ഡെന്‍മാര്‍ക്കിന്‍റെ ഭാഗമായത്. ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താന്‍ കഴിയൂ. 2009 ല്‍ ജനഹിത പരിശോധനയിലൂടെ ഗ്രീന്‍ലന്‍ഡ് സ്വയംഭരണാവകാശം നേടിയെടുക്കുകയും ചെയ്തു. ട്രംപ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ ഡെന്‍മാര്‍ക്ക് ഗ്രീന്‍ലന്‍ഡിലെ അവരുടെ സൈനികബലം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 2.3 ബില്യണ്‍ ഡോളറാണ് പ്രദേശത്തിന്‍റെ പരമാധികാരം നിലനിര്‍ത്തുന്നതിനും വികസനത്തിനുമായി ഡെന്‍മാര്‍ക്ക് നീക്കി വച്ചത്. രണ്ട് പുതിയ നാവിക കപ്പലുകള്‍, ദീര്‍ഘദൂര നിരീക്ഷണ ഡ്രോണുകള്‍, ഉപഗ്രഹ നിരീക്ഷണം എന്നിവ ശക്തമാക്കുന്നതിനായാണ് ഈ തുക ചെലവഴിച്ചതും. ഇന്നും ഗ്രീന്‍ലന്‍ഡിന്‍റെ വാര്‍ഷിക ബജറ്റിന്റെ പകുതിയിലേറെ ഡെന്‍മാര്‍ക്ക് നല്‍കുന്ന വിഹിതമാണ്.