യുഎസിലെ വിര്‍ജീനിയയില്‍ മോട്ടല്‍ നടത്തിപ്പുകാരായ ഇന്ത്യന്‍ ദമ്പതികള്‍ പിടിയിലായി. ലൈംഗികചൂഷണവും ലഹരിവില്‍പ്പനയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ദമ്പതികള്‍ക്കൊപ്പം സഹായികളായ മറ്റ് മൂന്നുപേരെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.
ഹോട്ടലിനു സമാനമായ മോട്ടലില്‍ വ്യഭിചാരവും, ലഹരി വില്‍പ്പനയും നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ദമ്പതികളായ കോശ ശര്‍മയും(52) തരുണ്‍ ശര്‍മയും(55) പിടിയിലായത്. ‘റെഡ് കാര്‍പെറ്റ് ഇന്‍’എന്ന പേരുള്ള മോട്ടലിന്റെ താഴത്തെ നിലയില്‍ സാധാരണ അതിഥികളെ പാര്‍പ്പിച്ചപ്പോള്‍ മൂന്നാംനിലയില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നതെന്ന് വിര്‍ജീനിയ ഫെഡറല്‍ അറ്റോര്‍ണി കണ്ടെത്തി.
ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാണ് ഫെഡറല്‍, പ്രാദേശിക പ്രതിനിധികള്‍ മോട്ടലില്‍ റെയ്ഡ് നടത്തിയത്. 2023 മെയ് മുതലാണ് ദമ്പതികള്‍ മോട്ടല്‍ ആരംഭിച്ചത്. പകല്‍നേരത്ത് മാന്യന്‍മാരായ മോട്ടല്‍ നടത്തിപ്പുകാര്‍ രാത്രികാലത്ത് പേരും ഭാവവും മാറ്റും. കോശ ശര്‍മ ‘മാമാ കെ’എന്ന പേരിലും തരുണ്‍ ശര്‍മ ‘പാ’എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. പൊലീസ് പരിശോധനയ്ക്ക് എത്തിയാൽ കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. മോട്ടലിൽ കൊക്കെയ്ൻ, ഫെന്റനൈൽ തുടങ്ങി മാരക ലഹരിമരുന്നുകൾ വിതരണം ചെയ്തിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
80 ഡോളര്‍ മുതല്‍ 150 ഡോളര്‍വരെ ഈടാക്കി യുവതികളെ വില്‍പന നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. യുവതികളെ പുറത്തേക്ക് പോകാനനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു അനാശാസ്യം. എട്ടു യുവതികളെ ഇത്തരത്തില്‍ പൂട്ടിയിട്ട് അനാശാസ്യത്തിന് പ്രേരിപ്പിച്ചതായാണ് കേസ്. പതിനഞ്ചോളം വ്യത്യസ്ത രീതിയിലുള്ള മയക്കുമരുന്നുകളും മോട്ടലില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഫെന്റനൈൽ ഉൾപ്പെടെയുള്ള നിയന്ത്രിത ലഹരിവസ്തുക്കൾ വിതരണം ചെയ്യാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായി കണ്ടെത്തിയാൽ കുറഞ്ഞത് 10 വർഷം തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന. യുഎസ് ശിക്ഷാവകുപ്പുകളും മറ്റ് നിയമപരമായ ഘടകങ്ങളും പരിഗണിച്ച ശേഷം ഫെഡറൽ ജില്ലാ കോടതി ജഡ്ജിയാണ് അന്തിമ ശിക്ഷ നിർണയിക്കുക.