Image Credit: X
ഇന്തൊനേഷ്യയിലെ മകാസറിന് സമീപം 11 പേരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. ഇന്തൊനേഷ്യൻ മറൈൻ അഫയേഴ്‌സ് ആൻഡ് ഫിഷറീസ് മന്ത്രാലയത്തിന്‍റെ ATR 42‑500 വിമാനമാണ് പറക്കുന്നതിനിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. മകാസർ വിമാനത്താവളത്തിന് ഏകദേശം 20 കിലോമീറ്റർ വടക്കുകിഴക്കായാണ് വിമാനത്തിൽ നിന്നുള്ള അവസാന സിഗ്നൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക സമയം ഏകദേശം 13:17 നാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. എട്ട് ജീവനക്കാരും മൂന്ന് യാത്രക്കാരും ഉൾപ്പെടെ 11 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എട്ട് ക്രൂ അംഗങ്ങളും മറൈൻ അഫയേഴ്‌സ് ആൻഡ് ഫിഷറീസ് മന്ത്രാലയത്തിലെ മൂന്ന് യാത്രക്കാരുമാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്തൊനേഷ്യയിലെ പ്രധാന ദ്വീപായ ജാവയ്ക്കും സുലവേസി ദ്വീപിനും ഇടയിലുള്ള പർവതപ്രദേശത്തേക്ക് അടുക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമാകുന്നത്.
അതേസമയം വിമാനം അപകടത്തില്‍പ്പെട്ടതായും സമീപത്തുള്ള പർവതത്തിൽ നിന്നും വിമാനത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതായുമുള്ള വിഡിയോകൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബുലു സരൗങ് പർവതത്തിന്റെ കൊടുമുടിക്ക് സമീപമുള്ള കുത്തനെയുള്ള ചരിവുകളിൽ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കിടക്കുന്നതായി ഓൺലൈനിൽ പങ്കിട്ട വിഡിയോകളിൽ കാണാം.
എന്നാല്‍ വിമാനം അപകടത്തില്‍പ്പെട്ടതായി ഇന്തൊനേഷ്യൻ സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിനായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യോമസേന ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ഗ്രൗണ്ട് യൂണിറ്റുകൾ എന്നിവയെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്.