അധിക്ഷേപം നടത്തിയ പ്രതിഷേധക്കാര്‍ക്കുനേരെ വിരലുകൊണ്ട് അശ്ലീല ആംഗ്യം കാണിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മിഷിഗണിലെ വാഹനനിര്‍മാണ ശാല സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. ശിശുപീഡകരെ സംരക്ഷിക്കുന്നവനെന്ന് വിളിച്ച് അധിക്ഷേപിച്ചതോടെയാണ് പ്രതിഷേധക്കാര്‍ക്ക് മുന്‍പില്‍ അല്‍പസമയം നിന്ന ശേഷം ട്രംപ് അശ്ലീല ആംഗ്യം കാണിച്ചത്.
വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഫാക്ടറിക്കുള്ളിലെ നടപ്പാതയിലൂടെ പോകുന്നതിനിടെയാണ് സംഭവം. ട്രംപിനെ അധിക്ഷേപിച്ചയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും അവര്‍ക്ക് അര്‍ഹമായത് കിട്ടിയെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ പ്രതികരണം.
ട്രംപിന്റെ സുഹൃത്തും ലൈംഗിക കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യം സര്‍ക്കാറിനുമേല്‍ വലിയ സമ്മര്‍ദ്ദമായി മാറുന്നതിനിടെയാണ് സംഭവം. ഫയലുകൾ പുറത്തുവിടുന്നതിനുള്ള നിയമനിർമ്മാണത്തിന് ട്രംപ് അംഗീകാരം നൽകിയിരുന്നുവെങ്കിലും ഡിസംബർ 19-നകം അവയെല്ലാം പുറത്തുവിടുന്നതിൽ നീതിന്യായ വകുപ്പ് പരാജയപ്പെട്ടിരുന്നു.
ഇരുപത് ലക്ഷത്തിലധികം രേഖകൾ ഇപ്പോഴും പരിശോധിച്ചുവരികയാണെന്ന് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയെന്ന കേസിൽ വിചാരണ കാത്തിരിക്കുമ്പോഴാണ് എപ്സ്റ്റീന്‍ 2019-ൽ ന്യൂയോർക്കിലെ ജയിൽ മുറിയിൽവച്ച് മരിക്കുന്നത്.