Image: Reuters
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ട്രൂത്തില്‍ പോസ്റ്റ് ചെയ്ത പടത്തിനു താഴെ ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല എന്നെഴുതിയിടുകയായിരുന്നു. 2026 ജനുവരിയില്‍ ചുമതലയേറ്റതായാണ് പ്രഖ്യാപനം.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും രാജ്യത്തേക്ക് അതിക്രമിച്ചുകയറിയ യുഎസ് സൈന്യം പിടികൂടി തടവിലാക്കിയിരുന്നു. വിചാരണയ്ക്കായി ഇരുവരേയും യുഎസില്‍ എത്തിക്കുകയും ചെയ്തു. അന്ന് ഈ വിവരം ട്രംപാണ് ലോകരാജ്യങ്ങളെ അറിയിച്ചത്. സുഗമമായ അധികാരക്കൈമാറ്റം സാധ്യമാകുംവരെ വെനസ്വേലയുടെ ഭരണം യുഎസ് ഏറ്റെടുത്തതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്ടിങ് പ്രസിഡന്റ് ആയി സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പ്രഖ്യാപനത്തില്‍ 2025 ജനുവരി 20-ന് അധികാരമേറ്റ അമേരിക്കയുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്ന പദവിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി മൂന്നിനാണ് എണ്ണസമ്പന്നമായ തെക്കേ അമേരിക്കന്‍ രാജ്യത്തിനുമേല്‍ യുഎസ് രാത്രികാല സൈനികനടപടി സ്വീകരിച്ചത്. അമേരിക്കന്‍ ശക്തിയുടെ ഏറ്റവും ശക്തമായ പ്രകടനം എന്നാണ് അന്ന് യുഎസ് ഈ നടപടിയെ വിശേഷിപ്പിച്ചത്.
മഡുറോയുടെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ചേംബര്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ മഡുറോയെ മോചിപ്പിക്കണമെന്നും അദ്ദേഹമാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരിയെന്നുമായിരുന്നു റോഡ്രിഗസിന്റെ മറുപടി.