ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപിന്‍റെ സ്ഥിരീകരണം. 'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍, ഖമനയി മരിച്ചു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണ്. ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്‍റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണ്. ഞങ്ങളുടെ രഹസ്യാന്വേഷണക്കരുത്തിനെയും ട്രാക്കിങ് സംവിധാനങ്ങളെയും കബളിപ്പിക്കാന്‍ ഖമനയിക്ക് കഴിഞ്ഞില്ല. ഉറ്റ അനുയായികള്‍ക്കും നേതാക്കള്‍ക്കുമൊപ്പം അയാള്‍ കൊല്ലപ്പെട്ടു. സ്വന്തം രാജ്യത്തെ വീണ്ടെടുക്കാന്‍ ഇറാന്‍ ജനതയ്ക്ക് കൈവന്നിരിക്കുന്ന അസുലഭ അവസരമാണിത്.
അമേരിക്കയുമായി യുദ്ധത്തിന് താല്‍പര്യമില്ലെന്നും സമാധാനമാണ് വേണ്ടതെന്നും ഇറാന്‍ സൈന്യത്തിലെയും അര്‍ധ സൈനിക വിഭാഗത്തിലെയും പൊലീസ് വിഭാഗത്തിലെയും ആളുകള്‍ ഞങ്ങളോട് തുറന്ന് പറഞ്ഞു. ഒടുവില്‍ സൈന്യം ഇറാനിലെ ദേശ സ്നേഹികള്‍ക്കൊപ്പം നിന്നു, രാജ്യത്തിന്‍റെ മഹത്വം വീണ്ടെടുത്തിരിക്കുകയാണ്. മധ്യപൂര്‍വ ദേശത്ത് സമാധാനം വീണ്ടെടുക്കുവോളം ആക്രമണം തുടരും'- ട്രംപ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഖമനയി കൊല്ലപ്പെട്ടുവെന്നതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് തെളിവുകളൊന്നും നെതന്യാഹു നല്‍കിയിരുന്നില്ല. വാര്‍ത്താസമ്മേളനത്തിലായിരുന്നു നെതന്യാഹുവിന്‍റെ പരാമര്‍ശം. പിന്നാലെ ഖമനയിയുടെ മൃതദേഹം കണ്ടെത്തിയെന്നും ഇത് ട്രംപിനെയും െനതന്യാഹുവിനെയും കാണിച്ചുവെന്നും ഉന്നത ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, യുഎന്‍ ജനറല്‍ സെക്രട്ടറി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ ഖമനയിയെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ 'സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഉള്ളതെന്നും മറുപടി പറയാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ട ആളല്ലെന്നു'മായിരുന്നു അന്റോണിയോ ഗുട്ടറെസിന്‍റെ മറുപടി.
എന്നാല്‍ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും വാദങ്ങള്‍ കളവാണെന്നും ഇറാന്‍ ജനതയെ മാനസികമായി തകര്‍ക്കുന്നതിനുള്ള നീക്കമാണെന്നുമായിരുന്നു ഇറാന്‍റെ വിശദീകരണം. 12 ദിവസത്തെ യുദ്ധകാലത്തെന്നത് പോലെ ഖമനയി നിലവിലെ പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണെന്നും ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നും ഖമനയിയുടെ ഓഫിസ് വ്യക്തമാക്കി.