ശ്രീധര്‍ വെമ്പു
ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന കേസുകളില്‍ ഇന്ത്യക്കാരന്‍റെ പേരും. സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പുവിന്‍റെ വിവാഹ മോചനകേസില്‍ 1.7 ബില്യണ്‍ ഡോളര്‍ കെട്ടിവെയ്ക്കാനാണ് കാലിഫോര്‍ണിയ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഏകദേശം 15000 കോടി രൂപ വരുമിത്.
കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടതാണെങ്കിലും കോടതി നടപടിയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യന്‍ ബിസിനസുകാരനുമായി ബന്ധപ്പെട്ട ഏറ്റവും ചെലവേറിയ വിവാഹമോചന കേസാണിതെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ നാലമത്തെ വലിയ കേസാകുമിത്. ഇന്ത്യയിലെ സമ്പന്നരില്‍ 39-ാമതാണ് ശ്രീധര്‍ വെമ്പു. 5.85 ബില്യണ്‍ ഡോളറാണ് ശ്രീധര്‍ വെമ്പുവിന്‍റെ ആസ്തിമൂല്യമെന്നാണ് ഫോബ്സ് റിപ്പോര്‍ട്ട്.
1993 ലാണ് പ്രമീള ശ്രീനിവാസനുമായി ശ്രീധര്‍ വെമ്പുവിന്‍റെ വിവാഹം നടക്കുന്നത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ശ്രീധര്‍ വെമ്പു ഇന്ത്യയില്‍ നിന്നാണ് സോഹോ നടത്തുന്നത്. അദ്ദേഹത്തിന്‍റെ ജീവിത ശൈലിയും ഗ്രാമീണ വികസനത്തിന് വേണ്ടിയുള്ള ഇടപെടലും ഇക്കാലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വിവാഹമോചന വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചന കേസുകളിലൊന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സും മെലിന്‍ഡ ബില്‍ഗേറ്റ്സും തമ്മിലുള്ളതായിരുന്നു. 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021 മേയിലാണ് ഇരുവരും പിരിഞ്ഞത്. ഓഹരികളും നിക്ഷേപവും റിയല്‍ എസ്റ്റേറ്റുമായി 73 ബില്യണ്‍ ഡോളറിന്‍റെ ആസ്തി മെലിന്‍ഡയ്ക്ക് ലഭിച്ചു എന്നാണ് കരുതുന്നത്.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും മക്കെൻസി സ്കോട്ടും തമ്മിലുള്ള വിവാഹ മോചനമാണ് മറ്റൊന്ന്. മക്കെന്‍സി സ്കോട്ടിന് 38 ബില്യണ്‍ ഡോളര്‍ ലഭിച്ചു എന്നാണ് കരുതുന്നത്. മൂന്നാമത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനം ഫ്രഞ്ച്-അമേരിക്കൻ ആര്‍ട്ട് വ്യാപാരിയായ അലക് വൈൽഡൻസ്റ്റൈനും ജോസ്ലിൻ വൈൽഡൻസ്റ്റൈനും തമ്മിലായിരുന്നു. 21 വർഷത്തെ ദാമ്പത്യത്തിന് ശേഷം 1999-ൽ ബന്ധം അവസാനിപ്പിക്കുമ്പോള്‍ ജോസ്ലിന് ഏകദേശം 3.8 ബില്യൺ ഡോളർ ലഭിച്ചു.