അമേരിക്കന്‍ ആക്രമണവും പീത്സയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?. ചോദിക്കാന്‍ കാരണമുണ്ട്. എപ്പോഴൊക്കെ അമേരിക്ക സൈനിക ആക്രമണം നടത്തിയിട്ടുണ്ടോ അതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ മിലിറ്ററി ആസ്ഥാനമായ പെന്റഗണിനു സമീപം  പീത്സ വില്‍പന കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ വിചിത്രമായ വില്‍പന ആവര്‍ത്തിക്കുന്നതായി ലോകത്തിന്റെ ശ്രദ്ധയില്‍പെട്ടു. മറ്റൊരു രാജ്യത്തേക്ക് അമേരിക്കയുടെ ബോംബുകളും മിസൈലുകളും പറക്കുന്നതിനു മുന്‍പ് എന്തുകൊണ്ടാണ് പീത്​സ വില്‍പന കൂടുന്നത്.?  ഇത് യാദൃശ്ചികമാണോ? അല്ലെങ്കില്‍ ഇതിന് പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടോ?”

Also Read: ഇറാനിലിറങ്ങി പണിയുമോ? ട്രംപിന്‍റെ മുന്നിലുള്ള പ്ലാന്‍ ഇങ്ങനെ


ലോകം പുതുവര്‍ഷ ആഘോഷ ലഹരിയുടെ ഹാങ് ഓവറില്‍ നില്‍ക്കെ വെനസ്വേലയില്‍ അമേരിക്കയുടെ അപ്രതീക്ഷിത ആക്രമണം . പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോ അറസ്റ്റില്‍. അതോടൊപ്പം സോഷ്യല്‍മീഡിയയില്‍ കൗതുകകരമായ ഒരു വാര‍്ത്തയും പ്രചരിച്ചു. ആക്രമണത്തിന് മുന്‍പുള്ള മണിക്കൂറുകളില്‍ പെന്റഗണ്‍, വൈറ്റ് ഹൗസ്, സിഐഎ പരിസരത്തുള്ള പീത്സ കടകളില്‍ ഓര‍്ഡറുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. എന്തോ വലിയൊരു സംഭവം വരാനിക്കുന്നെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നു.

എന്താണ് ഇങ്ങനൊരു പ്രചാരണത്തിനു കാരണമെന്നു നോക്കാം. വന്‍സൈനിക നീക്കങ്ങള്‍ നടക്കുന്നതിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറുകളോളം, അല്ലെങ്കില്‍ ദിവസങ്ങളോളം ഓഫിസില്‍ ചിലവഴിക്കേണ്ടി വരും. സുരക്ഷകാരണങ്ങളാല്‍ പുറത്തു പോയി ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്. ഈ സമയത്ത് പെട്ടെന്ന് ഓര്‍ഡര്‍ ചെയ്യാന്‍ പറ്റിയ ഭക്ഷണമാണ് പീത്സ. എളുപ്പത്തില്‍ ലഭിക്കും, രാത്രി സമയത്തും ഡെലിവറി, മീറ്റിംങുകള്‍ നിര്‍ത്തി എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല തുടങ്ങിയ ഘടകങ്ങള്‍ പീത്സയെ മികച്ച ഒരു ‘പ്രാക്ടിക്കല്‍’ ഭക്ഷണമാക്കുന്നു. സ്വാഭാവികമായി വില്‍പന കൂടും. ഈ വില്‍പനയാണ് സൈനീകനീക്കങ്ങള്‍ നടക്കാന്‍ പോകുന്നു എന്ന നിഗമനത്തിലേക്ക് ലോകത്തെ എത്തിക്കുന്നത്. ഒരു കാര്യം കൂടി പ്രത്യേകം ഓര്‍ക്കുക. ഇക്കാര്യം അമേരിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

1990-കളുടെ തുടക്കത്തിൽ വാഷിംഗ്ടൺ ഡി.സി.യിലെ ഡോമിനോസ്  പീത്സ ഫ്രാഞ്ചൈസി ഉടമയായിരുന്ന ഫ്രാങ്ക് മീക്സ് ആണ് ഈ രസകരമായ കാര്യം ആദ്യം ശ്രദ്ധിക്കുന്നത്. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് മുന്‍പ് പെന്റഗൺ, വൈറ്റ് ഹൗസ് എന്നിവിടങ്ങളിലേക്കുള്ള  പീത്സ ഡെലിവറികളിൽ വൻ വർധനവുണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2003-ലെ ഇറാഖ് അധിനിവേശത്തിനും 2011-ലെ ലിബിയ ഓപ്പറേഷനു മുന്‍പും ഇത്തരത്തില്‍ പീത്സ ഓര്‍ഡറുകള്‍ കൂടിയിരുന്നു. ഇനി ബ്രേക്കിങ് ന്യൂസിനൊപ്പം ‘Pizza sales hit a new high’ എന്ന വാര്‍ത്ത കണ്ടാല്‍ ഒന്നു ശ്രദ്ധിക്കുക. ചിലപ്പോള്‍ യുദ്ധത്തിന്റെ സൂചന മിസൈലുകളായിരിക്കില്ല, ഒരു പിത്സ ബോക്‌സായിരിക്കും

ENGLISH SUMMARY:

Pizza sales before US attacks have strangely become a reliable signal of impending military action. The increase in pizza orders near the Pentagon often precedes major US military interventions, hinting at operational readiness and long hours for defense personnel.