Image: x.com/araghchi

മിനാബിലെ സ്കൂളിനു നേര്‍ക്കുണ്ടായ യുഎസ്– ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 160 പെണ്‍കുട്ടികളെ സംസ്കരിക്കാന്‍ തീര്‍ത്ത കുഴിമാടങ്ങളുടെ ദൃശ്യം പുറത്തുവിട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി. ‘അവരുടെ ശരീരം ചിന്നിച്ചിതറിയിരുന്നു, ഇതാണ് ട്രംപ് ഇറാനിലുള്ളവരെ രക്ഷിക്കുകയാണെന്ന് പറഞ്ഞതിന്‍റെ യാഥാര്‍ഥ്യം’ എന്ന് കുറിച്ചാണ് അബ്ബാസ് ചിത്രം എക്സിലൂടെ പങ്കിട്ടത്. ഇറാനിലെ ആക്രമണത്തിന്‍റെയും മരണത്തിന്‍റെയും ഭീകരത വിളിച്ചോതുന്നതാണ് ചിത്രം.

‘ഒരു പ്രൈമറി സ്കൂളില്‍ യുഎസ്- ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലധികം നിരപരാധികളായ പെൺകുട്ടികൾക്കായി കുഴിക്കുന്ന ശവക്കുഴികളാണിത്. അവരുടെ ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. ട്രംപ് വാഗ്ദാനം ചെയ്ത ‘രക്ഷ’ യാഥാർഥ്യത്തിൽ ഇതാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു’ എന്നാണ് അബ്ബാസ് അറഗ്ചി എക്സില്‍ കുറിച്ചത്.

ശനിയാഴ്ചയാണ് തെക്കൻ ഇറാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളിന് നേരെ യുഎസ്– ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഇറാന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആക്രമണസമയത്ത് സ്കൂളില്‍ നിറയെ കുട്ടികളുണ്ടായിരുന്നു. പുറത്തുവന്ന കണക്കുകൾ പ്രകാരം കുട്ടികളുൾപ്പെടെ 160 ഓളം പേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 60 പേർക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമിക്കപ്പെട്ട സ്കൂളിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. തകർന്ന കോൺക്രീറ്റിന്റെ സ്ലാബുകളില്‍ നിന്നും രക്ഷാപ്രവർത്തകർ കുട്ടികളെ പുറത്തേക്കെടുക്കുന്നതിന്‍റെയും മറ്റും ദൃശ്യങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളടക്കം പുറത്തുവിടുകയുണ്ടായി. ഐക്യരാഷ്ട്രസഭയിൽ ഇറാൻ ആക്രമണത്തെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ബോധപൂർവമായ ആക്രമണമായി വിശേഷിപ്പിക്കുകയും യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ ക്രൂരമായ ആക്രമണമണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

സ്കൂൾ  ലക്ഷ്യമിട്ടിരുന്നതായി അമേരിക്കയോ ഇസ്രയേലോ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. സിവിലിയൻ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ച് അറിയാമെന്നും വിഷയം പരിശോധിക്കുകയാണെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.

അതേസമയം, ഇറാനിലും ലബനനിലും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. ഇറാനില്‍ ഇതിനകം മരണം 700 കടന്നു. ബെയ്റൂട്ടില്‍ ഹിസ്ബുല്ല കമാന്‍ഡ് സെന്ററുകളും ആയുധങ്ങളും തകര്‍ത്തു. ലബനനിലെ പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. 59 മേഖലകളില്‍നിന്ന് ഒഴിഞ്ഞുപോകാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെഹ്റാനിലും പശ്ചിമ ഇറാനിലും ആഭ്യന്തര, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇറാന്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രമായ IRIBയിലും ആക്രമണം ഉണ്ടായിട്ടുണ്ട്.

ENGLISH SUMMARY:

Iranian Foreign Minister Abbas Araghchi has released harrowing images of mass graves being dug for over 160 schoolgirls killed in a US-Israel airstrike on a primary school in Minab. Araghchi criticized US President Donald Trump’s claims of "liberating" Iranians, highlighting the brutal reality of civilian casualties on the ground. While the US Central Command stated they are investigating reports of civilian deaths, Iran has labeled the strike a war crime at the United Nations. As of March 3, 2026, the death toll in Iran has surpassed 700 as Israel intensifies strikes on command centers and intelligence facilities. The international community faces growing pressure to intervene as images of children being pulled from rubble in southern Iran go viral. Stay updated on the evolving humanitarian crisis and military escalations in the Middle East.