FILE PHOTO: U.S. President Donald Trump waves as he arrives in West Palm Beach, Florida, U.S., March 28, 2025. REUTERS/Kevin Lamarque/File Photo

പശ്ചിമേഷ്യന്‍ സംഘര്‍ഷം നാള്‍ക്കുനാള്‍ ശക്തിപ്പെടവേ ആക്രമണത്തിന്‍റെ ഏറ്റവും വലിയ തിരിച്ചടി ഇനിയും ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ‘ഞങ്ങള്‍ അവരെ ശക്തമായി ആക്രമിക്കാൻ തുടങ്ങിയിട്ടുപോലുമില്ല. വലിയ തരംഗം ഇതുവരെ ഉണ്ടായിട്ടില്ല. വലുത് വരാനിരിക്കുന്നതേയുള്ളൂ, ഉടന്‍ വരും’ എന്നാണ് സിഎന്‍എന്നിനോട് ട്രംപ് പറഞ്ഞത്. ഇറാന്‍ പരമോന്നത നേതാവ് ഖമനയിയുടെ കൊലപാതകത്തിന് ശേഷം ആരാണ് ഇപ്പോൾ രാജ്യത്തെ നയിക്കുന്നത് എന്ന് വ്യക്തമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘യുഎസ് സൈന്യം ഇറാനിൽ മികച്ച നേട്ടമാണ് ഉണ്ടാക്കുന്നത്. എന്നാൽ ആക്രമണത്തിന്‍റെ വലിയ തരംഗം വരാനിരിക്കുന്നതേയുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ഞങ്ങളുടേത്. ഞങ്ങൾ അത് ഉപയോഗിക്കുന്നുണ്ട്’ ട്രംപ് പറഞ്ഞു. യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് ‘യുദ്ധം അധിക നാള്‍ നീണ്ടുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നാല് ആഴ്ച എടുക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ ദിവസം നീണ്ടു നിന്നേക്കാം’ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. വേണമെങ്കില്‍ തുടരാനുള്ള കഴിവ് അമേരിക്കയ്ക്ക് ഉണ്ടെന്നും സൈനിക ആക്രമണത്തിനപ്പുറം പലതുമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഖമനയിക്കു ശേഷം ആരായിരിക്കും ഇറാനെ നയിക്കുക എന്ന് അറിയില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ‘അവർ ആരെ തിരഞ്ഞെടുക്കുമെന്ന് അറിയില്ല. ആദ്യ ആക്രമണങ്ങളില്‍ തന്നെ നേതൃത്വത്തിലേക്ക് വരേണ്ടിയിരുന്ന പലരേയും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 49 നേതാക്കളെ ഞങ്ങള്‍ വീഴ്ത്തി. അവരിൽ ചിലരെ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അവരെ കണ്ടെത്താനാവില്ലെന്നാണ് അവർ കരുതിയത്’– ട്രംപ് പറഞ്ഞു.

അറബ് രാജ്യങ്ങളായ ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നിവയ്‌ക്കെതിരായ ഇറാൻ ആക്രമണങ്ങള്‍ തന്നെ അദ്ഭുതപ്പെടുത്തിയെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇപ്പോൾ അറബ് രാജ്യങ്ങളും പോരാടാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് സിഎൻഎന്നിനോട് പറഞ്ഞു. 'ഇറാൻ ഒരു അറബ് രാജ്യത്തെ ഹോട്ടൽ ആക്രമിച്ചു, ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തി. അത് അവരെ ദേഷ്യം പിടിപ്പിച്ചു. അറബ് രാജ്യങ്ങൾ നമ്മെ സ്‌നേഹിക്കുന്നു. അവരിപ്പോള്‍ ഇറാനെതിരെ പോരാടന്‍ ആഗ്രഹിക്കുന്നു’ ട്രംപ് പറയുന്നു.

അതേസമയം, ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ആറ് അറബ് രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങളെ പരമാധികാര രാജ്യങ്ങൾക്കെതിരായ വിവേചനരഹിതമായ ആക്രമണങ്ങളാണെന്നും അത് സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങളും അപകടത്തിലാക്കുന്നുവെന്നുമാണ് യുഎസ്, ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നത്.

ENGLISH SUMMARY:

US President Donald Trump has issued a stern warning to Iran, stating that the largest wave of military strikes is yet to come. In an interview with CNN, Trump revealed that the US military has already neutralized 49 top Iranian leaders, leaving the country's leadership in chaos following the death of Supreme Leader Khamenei. Trump also highlighted the shifting dynamics in the Middle East, noting that Arab nations like the UAE, Saudi Arabia, and Kuwait are now eager to fight back against Iranian aggression after attacks on civilian infrastructure. As of March 3, 2026, a joint statement by the US and six Arab nations condemned Iran's indiscriminate strikes on sovereign territories. Trump emphasized that while he hopes for a swift conclusion, the US is prepared for a prolonged conflict to ensure regional stability.