ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നു. സംഘര്‍ഷങ്ങളില്‍ മരണം അഞ്ഞൂറ് കടന്നു. സ്ഥിതി വിലയിരുത്തി വരികയാണെന്നും ഇടപെടിലിനായി പലമാര്‍ഗങ്ങള്‍ യു.എസിന് മുന്നിലുണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
ഖമനയിയുടെ ഭരണനേതൃത്വത്തിനെതിരായ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ യു.എസ് ഇടപെടലുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. താനും യു.എസ് സൈന്യവും സ്ഥിതി വിലയിരുത്തുകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നാളെ വൈറ്റ് ഹൗസില്‍ മുതിര്‍ന്ന വിദേശകാര്യ ഉപദേഷ്ടാക്കളുമായി ട്രംപ് ചര്‍ച്ച നടത്തും. സൈനികാക്രമണം, രഹസ്യ സൈബർ ആയുധങ്ങളുടെ ഉപയോഗം, ഉപരോധം ശക്തമാക്കൽ തുടങ്ങി വിവിധ സാധ്യതകള്‍ പരിശോധിക്കും. ഇന്നലെയും പ്രക്ഷോഭകര്‍ ടെഹ്റാനിലടക്കം തെരുവിലിറങ്ങി.
ടെഹ്റാനിലെ മോർച്ചറിയിൽ നിന്ന് നിരവധി മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സർക്കാർ ടിവി സംപ്രേഷണം ചെയ്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടര്‍ എന്ന് പേരിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അമേരിക്ക ആക്രമിച്ചാൽ ഇസ്രായേലും മേഖലയിലെ യുഎസ് സൈനിക, ഷിപ്പിങ് കേന്ദ്രങ്ങളും ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളായി മാറുമെന്ന് പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. പ്രതിഷേധിക്കുന്ന ആരെയും "ദൈവത്തിന്റെ ശത്രു" ആയി കണക്കാക്കുമെന്ന് ഇറാൻ അറ്റോർണി ജനറൽ പറഞ്ഞു.