Kelash Kohli, Reuters Representing image
ബംഗ്ലദേശിലെ ആള്‍ക്കൂട്ട കൊലപാതകത്തിനു പിന്നാലെ പാക്കിസ്ഥാനിലും ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലാണ് ഭൂവുടമയുടെ സ്ഥലത്ത് ഷെൽട്ടർ നിർമ്മിച്ചെന്നാരോപിച്ച് 23കാരനായ കര്‍ഷകനെ ഭൂവുടമ വെടിവെച്ചു കൊന്നത്. ഈ സംഭവത്തെ തുടർന്ന് ഹിന്ദു സമൂഹത്തിന്റെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തെത്തുടര്‍ന്ന് ഭൂവുടമയായ സർഫറാസ് നിസാമനിയെയും സഹായി സഫറുള്ള ഖാനെയും ശനിയാഴ്ച രാത്രി ഹൈദരാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ബദിൻ എസ്എസ്പി ഖമർ റെസ ജസ്കാനി അറിയിച്ചു. ജനുവരി 4-ന് ആണ് കൊലപാതകം നടന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ ഫത്തേ ചൗക്ക് പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. മാരകമായി മുറിവേറ്റ കെലാഷ് കോലി ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്.
കൊലപാതകത്തിനു പിന്നാലെ ബദിനിൽ ഹിന്ദുസമൂഹത്തിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധങ്ങളിലും ധർണ്ണകളിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. സിന്ധ് പൊലീസ് ഐജി ജാവേദ് അക്തർ ഓധോ പ്രതികളെ അറസ്റ്റ് ചെയ്ത വിവരം കെലാഷിന്റെ പിതാവിനെ വിളിച്ചു അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ആറിത്തണുത്തത്.