Image Credit: AP
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കെതിരെ നാടുവിട്ട രാജകുമാരന്‍ റിസ പഹ്‍ലവി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ തെരുവില്‍. പ്രതിഷേധം ഉയര്‍ന്നതോടെ ഇന്‍റര്‍നെറ്റും ടെലഫോണ്‍ സേവനങ്ങളും ഇറാന്‍ ഭരണകൂടം താല്‍കാലികമായി നിരോധിച്ചു. ടെഹ്റാനിലാണ് ആയിരങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങി ഭരണവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. വിലക്കയറ്റത്തിനും ഇറാന്‍ കറന്‍സിയുടെ ഇടിവിനും തൊഴിലില്ലായ്മയ്ക്കും ജീവിതച്ചെലവ് ഉയരുന്നതിനുമെതിരെയാണ് ആളുകള്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പ്രതിഷേധിക്കുന്നത്. ഇറാനിലെ വിവിധയിടങ്ങളില്‍ വൈമാനികര്‍ക്ക് 'നോട്ടം' പുറപ്പെടുവിച്ചിട്ടുണ്ട്. തബ്രിസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും റദ്ദാക്കി.
'ഖമനയിയുടെ അന്ത്യം', 'ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ അന്ത്യം', 'ഏകാധിപതിയുടെ മരണം' എന്നീ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കിയെന്നും 'പഹ്‍ലവി തിരിച്ചുവരു'മെന്നും ആളുകള്‍ ബാനറുകള്‍ ഉയര്‍ത്തിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 'തെരുവുകള്‍ കീഴക്കി, ശബ്ദം ലോകത്തെ കേള്‍പ്പിക്കൂ'വെന്നാണ് ഇറാന്‍ പൗരന്‍മാരോട് പഹ്‍ലവി ആഹ്വാനം ചെയ്തത്. രാജ്യമെങ്ങും ഇന്‍റര്‍നെറ്റ് ഇല്ലാതെയാക്കി ജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാരിന്‍റെ നടപടികളെ പഹ്‍ലവി അപലപിച്ചു. 'ഇറാനികളായ ആയിരങ്ങളാണ് അവരുടെ സ്വാതന്ത്ര്യത്തിനായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ആശയവിനിമയ മാര്‍ഗങ്ങളെല്ലാം അടച്ചാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇന്‍റര്‍നെറ്റില്ല, ലാന്‍ഡ്ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സാറ്റലൈറ്റ് സിഗ്നലുകള്‍ പോലും ജാമാണ്' എന്നായിരുന്നു എക്സില്‍ പഹ്ലവിയുടെ കുറിപ്പ്. ട്രംപിന്‍റെ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും മൗനം ഭഞ്ജിക്കണമെന്നും ഇറാനിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും പഹ്‍ലവി ആവശ്യപ്പെട്ടു. സാങ്കേതിക, സാമ്പത്തിക, നയതന്ത്ര സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ ജനതയ്ക്ക് ആശയവിനിമയത്തിനുള്ള ഉപാധികള്‍ വീണ്ടെടുത്ത് നല്‍കണമെന്നും എങ്കില്‍ മാത്രമേ അവരുടെ ശബ്ദം പുറംലോകം കേള്‍ക്കുകയുള്ളൂവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കട–കമ്പോളങ്ങള്‍ അടച്ചിട്ടാണ് ജനങ്ങള്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധത്തില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടു. 2,260 പേര്‍ തടവിലുമായെന്ന് യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറയുന്നു. അതേസമയം,രാജ്യത്തിന്‍റെ പലയിടങ്ങളിലും പ്രത്യേകിച്ച് നേതാക്കന്‍മാരില്ലാതെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും പഹ്ലാവി ഇവരുടെ നേതൃത്വം ഏറ്റെടുക്കുമോ എന്നതില്‍ അവര്‍ക്ക് വ്യക്തതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, കഠിനമായ രീതിയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണകൂടം സ്വീകരിക്കുന്നത്. പ്രതിഷേധക്കാരെ തിരിച്ചറിയാന്‍ ഡ്രോണ്‍ നിരീക്ഷണമടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ സുരക്ഷാഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാരോട് ഇറാന്‍ കടുത്ത നടപടി സ്വീകരിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ' ആളുകളെ കൊല്ലാന്‍ തുടങ്ങിയാല്‍ യുഎസിന് ഇടപെടേണ്ടി വരും. കനത്ത തിരിച്ചടി നേരിടേണ്ടി വരും. ഇതിലും വലിയ കലാപങ്ങളും നേരിടേണ്ടി വരു'മെന്നും ട്രംപ് പറഞ്ഞു. അതേസമയം, പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പഹ്ലാവിയെ കാണാന്‍ ട്രംപ് വിസമ്മതിച്ചു.