ബംഗ്ലദേശില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ഹിന്ദുക്കള്‍ക്കൂടി കൊല്ലപ്പെട്ടു. പച്ചക്കറി വ്യാപാരിയായ ശരത് മോനി ചക്രബര്‍ത്തിയാണ് ഒടുവിലത്തെ ഇര. സ്ത്രീകള്‍ക്കെതിരെ ബലാല്‍സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ തുടരുമ്പോള്‍ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ മൗനം പാലിക്കുന്നു എന്ന വിമര്‍ശനം ശക്തമാണ്.
പതിനെട്ടു ദിവസത്തിനിടെ ബംഗ്ലദേശില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ഹിന്ദുവാണ് ശരത് മോനി ചക്രബര്‍ത്തി . ഇന്നലെ രാത്രിയാണ് ചന്തയില്‍ വച്ച് മോനി ചക്രബര്‍ത്തി കൊല്ലപ്പെട്ടത്. തൊട്ടുമുമ്പ് പത്രാധിപരും വ്യവസായിയുമായ റാണാ പ്രതാപ് ബൈരാഗിയെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ വെടിവച്ചുകൊന്നു. ദൈനിക് ബിഡി ഖബറിന്‍റെ എഡിറ്ററാണ് വ്യവസായിയായ റാണാ പ്രതാപ്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.
പുതുവല്‍സര സന്ധ്യയില്‍ അക്രമികൾ തീകൊളുത്തിയ ഖോകോൺ ചന്ദ്ര ദാസ് എന്ന വ്യാപാരി ചികില്‍സയിലിരിക്കെ മരിച്ചിരുന്നു. ഡിസംബര്‍ ആദ്യ ആഴ്ച ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തി. ഇന്നലെ ഹിന്ദു സ്ത്രീയെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം മുടിമുറിമുറിക്കുകയും മരത്തില്‍ കെട്ടിയിട്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമങ്ങളെ അപലപിക്കുന്നതിന് അപ്പുറം ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബംഗ്ലദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനം ശക്തമാവുകയാണ്.